ജന്മപാപങ്ങൾ അകറ്റാൻ രാമേശ്വരം തീര്‍ത്ഥാടനവും കോടി തീർത്ഥ സ്നാനവും


ദ്വാദശ ജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നാണ് രാമേശ്വരം. എല്ലാ സമയത്തും ഭാരതത്തിന് അകത്തും പുറത്തുനിന്നുമായി ധാരാളം ഭക്തജനങ്ങള്‍ ദര്‍ശനത്തിന് എത്തുന്ന പുണ്യ പുരാതനമായ തീര്‍ത്ഥാടന കേന്ദ്രമാണ് രാമേശ്വരം. കിഴക്ക് ദിക്കില്‍ ജഗന്നാഥന്‍ (പുരി), പടിഞ്ഞാറ് ദ്വാരകനാഥന്‍, വടക്ക് ബദരിനാഥന്‍ എന്നിങ്ങനെ വിഷ്ണു ഭഗവാന്‍ നാഥനായപ്പോള്‍ യമദേവന്റെ ദിക്കായ തെക്കിന് കാലനും കാലനായ ശിവന്‍ നാഥനായി. രാമന്റെ നാഥനായി, ഈശ്വരനായി ശിവന്‍ രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു.

രാമായണത്തില്‍ വളരെ വിശദമായി രാമേശ്വര മഹാത്മ്യം വര്‍ണിച്ചിരുന്നു. ശ്രീരാമന്‍ ലങ്കയില്‍ ചെന്ന് വാനരന്മാരുടെ സഹായത്തോടുകൂടി സേതുബന്ധിച്ച് രാവണനേയും കൂട്ടരേയും വധിച്ച് സീതയെ വീണ്ടെടുത്തു. രാവണനെ കൊന്ന ബ്രഹ്മഹത്യാ പാപം തീരുന്നതിനുവേണ്ടി ഒരു ശിവലിംഗം നിര്‍മ്മിച്ച് പൂജ നടത്തുവാന്‍ ഋഷിമാരും ദേവന്മാരും ശ്രീരാമനോട് അപേക്ഷിക്കുന്നു. അങ്ങനെ ഒരു ശുഭമുഹൂര്‍ത്തം നിശ്ചയിക്കപ്പെട്ടു.

കൈലാസത്തില്‍നിന്നും ശിവലിംഗം കൊണ്ടുവരാന്‍ ഹനുമാനെ നിയോഗിച്ചു. ശിവലിംഗം പ്രതിഷ്ഠിക്കേണ്ട സമയം ആഗതമായിട്ടും ഹനുമാന്‍ എത്തിയില്ല. ഉടന്‍ തന്നെ സീതാദേവീ മണലുകൊണ്ട് ഒരു ശിവലിംഗം ഉണ്ടാക്കി, അതില്‍ പൂജാദിക്രിയകള്‍ നടത്തുകയുണ്ടായി. ഈ ശിവലിംഗമാണ് വിശ്വപ്രസിദ്ധമായ രാമേശ്വരം ജ്യോതിര്‍ലിംഗം.

ഈ സമയത്ത് ഹനുമാന്‍ രണ്ട് ശിവലിംഗങ്ങളുമായി എത്തി. എന്നാല്‍ തന്റെ വരവിന് മുമ്പ് ശിവലിംഗം പ്രതിഷ്ഠിച്ചതിനാല്‍ ഹനുമാന്‍ കോപിഷ്ഠനായി. സീതാ ദേവി നിര്‍മ്മിച്ച് ശ്രീരാമ ചന്ദ്രന്‍ പൂജിച്ച ആ ശിവലിംഗം തന്റെ വാലുകൊണ്ട് ഇളക്കിമാറ്റുവാന്‍ ഹനുമാന്‍ ശ്രമിച്ചു. പരാജയപ്പെട്ട ഹനുമാന്റെ സങ്കടം കണ്ട് ശ്രീരാമന്‍ ആശ്വാസവാക്കുകള്‍ ചൊരിഞ്ഞു. ഹനുമാന്‍ കൊണ്ടുവന്ന ശിവലിംഗം രാമേശ്വര ലിംഗത്തിന് ഇടതു വശത്തായി പ്രതിഷ്ഠിച്ചു. ഈ ശിവലിംഗത്തിന് ആദ്യം പൂജ നടത്തണമെന്നും ശ്രീരാമന്‍ കല്പിച്ചു.

ഇന്നും ഹനുമാന്‍ കൊണ്ടുവന്ന ഈ ശിവലിംഗത്തില്‍ പൂജകള്‍ നടത്തിയതിനുശേഷമേ രാമേശ്വര ലിംഗത്തിന് പൂജകള്‍ നടത്താറുള്ളൂ. ഈ ശിവലിംഗം ‘വിശ്വനാഥ ലിംഗം’ എന്ന പേരില്‍ അറിയപ്പെടുന്നു. ഗംഗാജലംകൊണ്ട് ശ്രീരാമന്‍ ശിവലിംഗത്തിന് അഭിഷേകം നടത്തി. ഇതിനായി തന്റെ അസ്ത്രമുപയോഗിച്ച് ഒരു തീര്‍ത്ഥക്കുളമുണ്ടാക്കി കോടിതീര്‍ത്ഥം എന്ന പേരില്‍ ഈ തീര്‍ത്ഥക്കുളം പ്രസിദ്ധമായിത്തീര്‍ന്നു. ക്ഷേത്രമതില്‍ക്കെട്ടിനകത്ത് 22 പവിത്രവും പുണ്യവും മോക്ഷകരവുമായ തീര്‍ത്ഥങ്ങള്‍ ഉണ്ട്. തീര്‍ത്ഥങ്ങള്‍ എല്ലാം കിണറുകളായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇതിലെ വെള്ളത്തിൽ സ്നാനം ചെയ്താൽ പാപ മോചനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.