ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ എല്ലിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അത്തരത്തില്‍ നിങ്ങളുടെ എല്ലിന്റെ ആരോഗ്യം കുറയുന്നുവെന്നതിന്റെ പ്രധാന ലക്ഷണങ്ങളെപ്പറ്റിയാണ് ഇനി പറയുന്നത്.
1. എല്ലുപൊട്ടല്‍: ചെറിയ വീഴ്ചകളില്‍ നിന്ന് വരെ എല്ലിന് പൊട്ടലുണ്ടാകുന്ന അവസ്ഥയെ നിസാരമായി തള്ളിക്കളയരുത്. നിങ്ങളുടെ എല്ലിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നതിന്റെ സൂചന കൂടിയാണിത്. ഓസ്റ്റിയോപൊറോസിസ് പോലെയുള്ള രോഗാവസ്ഥയില്‍ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം കുറയും. ഈ സമയത്ത് ചെറിയ വീഴ്ചകള്‍ വരെ നിങ്ങളുടെ ശരീരത്തെ താങ്ങിനിര്‍ത്തുന്ന എല്ലുകളില്‍ പൊള്ളലുണ്ടാക്കിയേക്കാം.
2. സന്ധിവേദന: ഇടുപ്പെല്ല്, മുട്ട് എന്നീ ഭാഗങ്ങളില്‍ സ്ഥിരമായി വേദനയുണ്ടാകുന്നത് തള്ളിക്കളയരുത്. നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തെപ്പറ്റി ശരീരം നല്‍കുന്ന മുന്നറിയിപ്പാണിത്. എല്ലുകളുടെ ആരോഗ്യം കുറയുമ്പോഴാണ് ഇത്തരം സന്ധികളില്‍ വേദന രൂക്ഷമാകുന്നത്.
3. ഉയരം കുറയുക: എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് എന്ന രോഗത്തിന്റെ ഫലമായി നിങ്ങളുടെ ഉയരം കുറയാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ ഉയരം കുറയുന്നത് എല്ലുകളുടെ ആരോഗ്യം കുറയുന്നുവെന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ ഉയരം കാര്യമായി കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അസ്ഥിരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
4. ശരീരത്തിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം: ശരീരത്തിന്റെ ആകൃതിയിലുണ്ടാകുന്ന മാറ്റം എല്ലുകളുടെ ആരോഗ്യം കുറയുന്നതിന്റെ ഭാഗമായാണ് ഉണ്ടാകുന്നതെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാച്ചുന്നത്. മുതുക് വളയുക, തോളെല്ലിന്റെ ആകൃതിയില്‍ വ്യത്യാസം വരിക, എന്നീ ലക്ഷണങ്ങള്‍ നിസാരമായി തള്ളിക്കളയരുത്. നിങ്ങളുടെ എല്ലിന്റെ ആരോഗ്യത്തെപ്പറ്റിയുള്ള സൂചനകളാണിത്. കൂടാതെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ കഴിയാതെ വരുന്നതും എല്ലിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
5. നീരുവെയ്ക്കല്‍: സന്ധിയിലും മറ്റും വേദനയും നീരുവെയ്ക്കലും ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
6. സ്ഥിരമായ നടുവേദന: എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ നടുവേദനയ്ക്കും കാരണമാകും. ഓസ്റ്റിയോപൊറോസിസ്, ഡിസ്‌ക് പ്രശ്നങ്ങള്‍ എന്നിവ മൂലവും നടുവേദന ഉണ്ടാകും. അതിനാല്‍ നടുവേദന സ്ഥിരമായി അനുഭവപ്പെടുന്നവര്‍ ഉടന്‍ തന്നെ വിശദമായ പരിശോധനയ്ക്ക് വിധേയമാകേണ്ടത് അനിവാര്യമാണ്.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കണം. നേരത്തെ രോഗം സ്ഥിരീകരിക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കാല്‍സ്യം, വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണം, ശരീരഭാരം നിയന്ത്രിക്കല്‍ എന്നിവയിലൂടെ നിങ്ങളുടെ എല്ലുകളുടെ ആരോഗ്യം പഴയനിലയിലേക്ക് കൊണ്ടുവരാന്‍ സാധിക്കും.