എല്ലുകളുടെ ബലത്തിനും പ്രമേഹം നിയന്ത്രിക്കാനും ഓട്സും എഗ്ഗും ഉപയോഗിച്ച് ആരോഗ്യ സമ്പുഷ്ടമായ ഒരു പ്രഭാത ഭക്ഷണം



ഓട്‌സിന് ആരോഗ്യപരമായ ധാരാളം ഗുണങ്ങളുണ്ട്. ഓട്‌സും മുട്ടയും ചേര്‍ന്നാല്‍ ഗുണം ഇരട്ടിയാവും. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന രുചികരമായ എഗ്ഗ് ഓട്‌സ് ഉപ്പുമാവ് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

3/4 കപ്പ് ഓട്‌സ്
1 മുട്ട
1 ടേബിള്‍സ്പൂണ്‍ എണ്ണ
1 പച്ചമുളക് ചെറുതായി മുറിച്ചത്
1 ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞത്
1/2 ടീസ്പൂണ്‍ കടുക്/ജീരകം
1/4 കപ്പ് ചെറുതായി മുറിച്ച കാരറ്റ്, ഗ്രീന്‍ പീസ്, ബീന്‍സ്, കാപ്‌സികം എന്നിവ
1 ടേബിള്‍സ്പൂണ്‍ സവാള ചെറുതായി മുറിച്ചത്
മഞ്ഞള്‍പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
1 ടീസ്പൂണ്‍ നാരങ്ങാനീര്
മല്ലിയില ആവശ്യത്തിന് ചെറുതായി മുറിച്ചത്

ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടായിക്കഴിഞ്ഞാല്‍ കടുക് ഇടുക. ജീരകം ഇഷ്ടമുള്ളവര്‍ക്ക് അത് ചേര്‍ക്കാം. അതില്‍ സവാളയും ഇഞ്ചിയും പച്ചമുളകും ഇടുക. നന്നായി വഴറ്റിക്കഴിഞ്ഞാല്‍ പച്ചക്കറികള്‍ ചേര്‍ത്തിളക്കുക. കുറച്ചു സമയം അടച്ചു വേവിക്കുക. അതിനു ശേഷം ഓട്‌സും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ക്കുക. അല്‍പസമയം ഇളക്കുക. അതിനു മീതെ മുട്ട പൊട്ടിച്ചൊഴിക്കുക. വേഗം തന്നെ മുട്ട ഇളക്കുക. ഇളക്കി ചേര്‍ത്ത ശേഷം അല്പസമയം ചെറിയ തീയില്‍ വേവിക്കുക. വെള്ളം നന്നായി വറ്റിക്കഴിഞ്ഞാല്‍ നാരങ്ങാനീരും മല്ലിയിലയും ചേര്‍ക്കുക. നന്നായി ഇളക്കി ചൂടോടെ വിളമ്പുക.