സ്ത്രീകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കുക, അത് ചിലപ്പോള്‍ കാന്‍സര്‍ ആകാം



സ്ത്രീകളെ ബാധിക്കുന്ന കാന്‍സറുകളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം അഥവാ ഓവേറിയന്‍ കാന്‍സര്‍. ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന കാന്‍സറുകളില്‍ ഒന്നാണ് ഇത്. യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023-ല്‍ അണ്ഡാശയ അര്‍ബുദ ബാധിതരുടെ എണ്ണം 19,710 ആയി. 13,000-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അണ്ഡാശയം എന്നറിയപ്പെടുന്ന സ്ത്രീകളുടെ പ്രത്യുത്പാദന അവയവത്തില്‍ ആരംഭിക്കുന്ന ഒരു തരം അര്‍ബുദമാണ് അണ്ഡാശയ അര്‍ബുദം. ഇത് അണ്ഡാശയത്തില്‍ അസാധാരണമായ കോശങ്ങള്‍ വികസിക്കുന്നതിന് കാരണമാകുന്നു. അത് പെരുകുകയും ട്യൂമര്‍ രൂപപ്പെടുകയും ചെയ്യുന്നു.

പ്രാരംഭ ഘട്ടത്തില്‍ തന്നെ പലരും തിരിച്ചറിയാതെ പോകുന്നു. വയറുവേദന, പെല്‍വിക് വേദന, വയറിലെ അസ്വസ്ഥത, മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവയാണ് അണ്ഡാശയ അര്‍ബുദത്തിന്റെ സാധാരണ ലക്ഷണങ്ങള്‍.

അടിവയര്‍-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അല്ലെങ്കില്‍ വയറു നിറഞ്ഞതായി തോന്നല്‍ എന്നിവ അണ്ഡാശയ അര്‍ബുദത്തിന്റെ മറ്റ് ലക്ഷണങ്ങളായാണ് വിദഗ്ധര്‍ പറയുന്നത്.

അണ്ഡാശയ അര്‍ബുദം അതിന്റെ പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും നേരത്തെയുള്ള കണ്ടെത്തല്‍ മാത്രമാണ് പ്രശ്‌നത്തെ ചികിത്സിക്കാനുള്ള ഏക മാര്‍ഗം. അണ്ഡാശയ കാന്‍സര്‍ ചികിത്സയില്‍ സാധാരണയായി ശസ്ത്രക്രിയ, കീമോതെറാപ്പി, ചിലപ്പോള്‍ റേഡിയേഷന്‍ തെറാപ്പി എന്നിവ ഉള്‍പ്പെടുന്നു. അണ്ഡാശയ അര്‍ബുദം നേരത്തേ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും പതിവ് പരിശോധനകളും സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും നിര്‍ണായകമാണ്.

അണ്ഡാശയ കാന്‍സറിന്റെ കാരണങ്ങള്‍…

1. 50 വയസോ അതില്‍ കൂടുതലോ പ്രായമുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്.

2. പാരമ്പര്യമായി അണ്ഡാശയം, സ്തനങ്ങള്‍, മറ്റ് അര്‍ബുദങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ അണ്ഡാശയ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

3. ഹോര്‍മോണ്‍ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയമാകുന്നവരിലും അണ്ഡാശയ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.

4. അമിതഭാരം അല്ലെങ്കില്‍ പൊണ്ണത്തടി.

5. പുകവലിയും അപകടസാധ്യത വര്‍ദ്ധിപ്പിക്കും.