സൂര്യദേവന്റെ അനുഗ്രഹത്തിന് വൃശ്ചിക സംക്രാന്തി ആരാധന, ആദിത്യ ദശ ഉള്ളവർക്ക് സുപ്രധാനം


ജ്യോതിഷപ്രകാരം, സൂര്യന്‍ ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് നീങ്ങുന്നതിനെ സംക്രാന്തി എന്ന് വിളിക്കുന്നു. ഈ കാലഘട്ടത്തില്‍ ദാനം, ശ്രാദ്ധം, തര്‍പ്പണം എന്നിവ ചെയ്യുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്. പഞ്ചാംഗമനുസരിച്ച് രാശിമാറ്റം മൂലം ഒരു വര്‍ഷത്തില്‍ 12 സംക്രാന്തികള്‍ ഉണ്ടാകുന്നുണ്ട്.സൂര്യന്‍ തുലാം രാശിയില്‍ നിന്ന് വൃശ്ചിക രാശിയില്‍ പ്രവേശിക്കുമ്പോള്‍ അതിനെ വൃശ്ചിക സംക്രാന്തി എന്ന് വിളിക്കുന്നു. ഇത്തവണ നവംബര്‍ 16നാണ് വൃശ്ചിക സംക്രാന്തി വരുന്നത്. ഡിസംബര്‍ 15 വരെ സൂര്യന്‍ വൃശ്ചികം രാശിയില്‍ തുടരും. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ഊര്‍ജ്ജത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുന്നു.

വൃശ്ചിക സംക്രാന്തി ദിവസം തമിഴ് കലണ്ടറിലെ കാര്‍ത്തിക മാസത്തിന്റെ തുടക്കവും കൂടിയാണ്. സൂര്യദേവനെ ആരാധിക്കുന്ന ഉത്സവമാണിത്. സന്തുഷ്ടവും ആരോഗ്യകരവുമായ ജീവിതത്തിനായി ഭക്തര്‍ സൂര്യദേവനോട് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. വൃശ്ചിക സംക്രാന്തി ദിനം എന്നത് പുണ്യസ്‌നാനം, ദാനധര്‍മ്മം, വിഷ്ണു പൂജ എന്നിവയ്ക്കും അനുകൂലമായ ദിവസമാണ്. വൃശ്ചിക സംക്രാന്തി സമയത്ത് സൂര്യനെ ആരാധിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു.

ഈ ദിവസം സൂര്യോദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിച്ച് ചെമ്പ് പാത്രത്തില്‍ ശുദ്ധജലം നിറച്ച് അതില്‍ ചുവന്ന ചന്ദനം ഇട്ട് സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക. മഞ്ഞള്‍, കുങ്കുമം, അരി എന്നിവ ചേര്‍ത്ത വെള്ളവും നല്‍കാം. സൂര്യനായി വിളക്ക് കൊളുത്തുമ്പോള്‍ ചുവന്ന ചന്ദനം നെയ്യില്‍ ചാലിച്ച് കത്തിക്കണം. ആരാധനയില്‍ ചുവന്ന പൂക്കള്‍ ഉപയോഗിക്കണം. ഓം ദിനകരായ നമഃ അല്ലെങ്കില്‍ മറ്റ് മന്ത്രങ്ങള്‍ ജപിക്കുക. ജ്യോതിഷ പ്രകാരം സംക്രാന്തി സമയത്ത് സൂര്യദേവനെ ആരാധിക്കുന്നത് സൂര്യദോഷവും പിതൃദോഷവും ഒഴിവാക്കാന്‍ സഹായിക്കുന്നു. ദാനധര്‍മ്മം, ശ്രാദ്ധം, പിതൃ തര്‍പ്പണം എന്നിവ ചെയ്യാനുള്ള പുണ്യകാലമായും സംക്രാന്തി കണക്കാക്കപ്പെടുന്നു. വൃശ്ചിക സംക്രാന്തി ദിനത്തിലും തീര്‍ത്ഥാടനം നടത്തുകയും പൂര്‍വ്വികര്‍ക്ക് ശ്രാദ്ധവും തര്‍പ്പണവും നടത്തുകയും ചെയ്യുന്ന ആചാരമുണ്ട്.

ദേവീപുരാണം അനുസരിച്ച് സംക്രാന്തി സമയത്ത് പോലും പുണ്യസ്‌നാനം ചെയ്യാത്ത ഒരാള്‍ ഏഴ് ജന്മം രോഗിയും ദരിദ്രനുമായി തുടരും. ഈ ദിവസം ബ്രാഹ്‌മണര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഭക്ഷണം, വസ്ത്രങ്ങള്‍, പശുക്കള്‍ എന്നിവ ദാനം ചെയ്യുന്നത് വളരെയേറെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പാവപ്പെട്ടവര്‍ക്ക് വസ്ത്രങ്ങളും ധാന്യങ്ങളും ദാനം ചെയ്യുക. സംക്രാന്തി ദിനത്തില്‍ സൂര്യനെ ആരാധിക്കുന്നതോടൊപ്പം ശര്‍ക്കരയും എള്ളും സമര്‍പ്പിക്കുക.

ഇതിനുശേഷം പ്രസാദരൂപത്തില്‍ എല്ലാവര്‍ക്കും അത് വിതരണം ചെയ്യണം. വൃശ്ചിക സംക്രാന്തി ദിനത്തില്‍ പശുവിനെ ദാനം ചെയ്യുന്നത് മഹത്തായ ദാനമായാണ് കണക്കാക്കുന്നത്. ഈ ദിവസം ആവശ്യക്കാര്‍ക്കായി പുതപ്പ്, മാവ്, പയറുവര്‍ഗ്ഗങ്ങള്‍ മുതലായവ ദാനം ചെയ്യുക. നിങ്ങള്‍ക്ക് വേണമെങ്കില്‍ ലോഹങ്ങളും ദാനം ചെയ്യാം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ എല്ലാ ദുരിതങ്ങളും നീക്കപ്പെടുന്നു.