‘ബ്രഹ്മപുരം പ്ലാന്റ് ശാസ്ത്രീയമല്ല, മുന്‍ കരുതലുകള്‍ പാലിച്ചില്ല’: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോർട്ട്
ന്യൂഡല്‍ഹി: കൊച്ചി ബ്രഹ്മപുരത്ത് മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത് ശാസ്ത്രീയമായല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. നഗരസഭ വേണ്ടത്ര മുന്‍കരുതലുകള്‍ പാലിക്കാതെയാണ് കൊച്ചിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ തുറന്ന സ്ഥലങ്ങളിലാണ് നിക്ഷേപിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. മാര്‍ച്ച് 10ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ബെംഗളൂരുവിലെ റീജിയണൽ ഡയറക്ടറേറ്റ് പ്രദേശം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്ത് വന്നത്.പ്ലാന്റിന് മെച്ചപ്പെട്ട രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ ഡ്രെയ്‌നേജോ ഇല്ല.
കരാര്‍ കമ്പനിയായ സോന്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാന്‍ നടപടി സ്വീകരിച്ചില്ല. 55 കോടി രൂപക്കായിരുന്നു മാലിന്യം കൈകാര്യം ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കാലാവധി ഈ വര്‍ഷം ഏപ്രില്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തനം. പരിശോധന നടക്കുന്നതിനിടയില്‍ പലയിടങ്ങളിലും തീയുണ്ടായിരുന്നു. മാലിന്യ നിക്ഷേപിക്കുന്നതിനായുള്ള അനുമതി പല തവണ പാൻ്റിന് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ജില്ലാ ഓഫീസിലെ ഉദ്യാഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു.