ആന്‍ഡമാന്‍ നിക്കോബാറില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി സ്ഥിരീകരണം. റിക്ടര്‍ സ്കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിലവില്‍ നാശനഷ്ടങ്ങളൊന്നും സംബന്ധിച്ച വിവരമില്ല. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) പ്രകാരം വെള്ളിയാഴ്ച രാത്രി 11:56 ഓടെ പോര്‍ട്ട് ബ്ലെയറില്‍ ഭൂചലനം അനുഭവപ്പെട്ടു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ സ്ഥലങ്ങളില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. മാര്‍ച്ച് 24ന് ഛത്തീസ്ഗഡിലെ അംബികാപൂരില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അത് റിക്ടര്‍ സ്കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി. എന്നാല്‍ ഒരുതരത്തിലുമുള്ള നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചിലിയില്‍ ഭൂചലനം
തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയില്‍ മാര്‍ച്ച് 30 ന് ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച രാത്രി വൈകിയുണ്ടായ ഈ ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 6.2 ആയിരുന്നു. ഇതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലും ഭൂചലനം അനുഭവപ്പെട്ടു. മാര്‍ച്ച് 30 ന് രാത്രി 11.03ന് ആണ് ഈ ഭൂചലനം ഉണ്ടായത്. അതിന്റെ പ്രഭവകേന്ദ്രം ഭൂമിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. നേരത്തെ മാര്‍ച്ച് 23നും ചിലിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 6.3 ആയിരുന്നു.
നിനച്ചിരിക്കാതെ ഭൂകമ്പം വന്നാല്‍……. എന്തൊക്കെ ചെയ്യാം; ചെയ്യരുത്…
ഭൂകമ്പം ഉണ്ടാകുന്ന സമയത്ത് മനസ്സാന്നിധ്യം വെടിയാതെ കഴിയുന്നത്ര സുരക്ഷിതരായിരിക്കാൻ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്. ചിലത് യഥാർത്ഥത്തിൽ പ്രകമ്പനങ്ങൾ ആണെന്നും അധികം താമസിയാതെ വലിയൊരു ഭൂകമ്പത്തിനുള്ള സാധ്യത ഉണ്ടായേക്കാം എന്നും ഓർക്കണം. യാത്രകൾ ഈ സമയത്ത് ഉറപ്പായും ഒഴിവാക്കുക സുരക്ഷിതമായ സ്ഥലം തേടിയെത്തുകയും ചെയ്യണം സുരക്ഷിതമാണ് എന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം വീടിനുള്ളിൽ കഴിയാം.
വീടിനുള്ളിൽ ആണ് നിങ്ങളെങ്കിൽ നിലത്ത് കിടക്കലാണ് അഭികാമ്യം. മേശക്കടിയിലോ മറ്റ് ഫർണിച്ചറുകളുടെ മറ പറ്റിയോ ഇരിക്കാവുന്നതാണ്. മുഖവും തലയും മറച്ചുപിടിച്ച് സംരക്ഷിക്കാൻ ശ്രമിക്കുക. സ്വയം രക്ഷിക്കാനാകണം ആദ്യ ശ്രമം. ജനലുകൾ വാതിലുകൾ ചുവരുകൾ ഗ്ലാസുകൾ എന്നിങ്ങനെ പൊട്ടി വീഴാൻ സാധ്യത ഉള്ളവയിൽ നിന്ന് അകന്നു നിൽക്കണം തലയിണയോ മറ്റോ ഉപയോഗിച്ച് നിങ്ങളുടെ തല സംരക്ഷിക്കാൻ ശ്രമിക്കണം. വാതിലുകൾ അടുത്താണെങ്കിൽ മാത്രം പുറത്തേക്ക് കടക്കാൻ ശ്രമിക്കുക.
ഭൂചലനം നിലയ്ക്കുന്നതുവരെ കെട്ടിടം സുരക്ഷിതമെങ്കിൽ അകത്തുതന്നെ നിൽക്കുന്നതാണ് ഉചിതം. ഇതറിയാതെ കെട്ടിടത്തിനു പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് പലപ്പോഴും ആൾക്കാർക്ക് പരിക്കേൽക്കുന്നത് എന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത്. വൈദ്യുതി വിച്ഛേദിക്കപ്പെട്ടേക്കാം. പുറത്ത് റോഡിലേക്കോ മറ്റോ ഇറങ്ങുകയാണെങ്കിൽ സുരക്ഷിതമായ ഒരു സ്ഥലം കണ്ടുപിടിച്ച് അവിടെ തന്നെ നിൽക്കുന്നതാണ് ഉചിതം.
കെട്ടിടങ്ങൾ മരങ്ങൾ തെരുവ് വിളക്കുകൾ യൂട്ടിലിറ്റി വയറുകൾ എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക . ഭൂചലനം അവസാനിക്കുന്നത് വരെ നിൽക്കുന്ന സ്ഥലത്ത് തന്നെ തുടരാൻ ശ്രമിക്കണം. കെട്ടിടങ്ങൾ തകർന്നു വീണാണ് മിക്കപ്പോഴും പല അപകടങ്ങളും സംഭവിക്കുന്നത് അതിനാൽ തന്നെ അത്തരം സാധ്യതകൾ മുന്നിൽകണ്ട് അവയിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.