മുസ്ലിം ക്വാട്ട പിന്‍വലിക്കല്‍; ഏപ്രില്‍ 18 വരെ നടപ്പാക്കില്ലെന്ന് കര്‍ണാടക

മുസ്ലിം ക്വാട്ട പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അടുത്ത വാദം കേള്‍ക്കുന്ന ഏപ്രില്‍ 18 വരെ, 4 ശതമാനം മുസ്ലിം സംവരണം റദ്ദാക്കിയ ഉത്തരവ് നടപ്പാക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി. കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം, കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം തികച്ചും തെറ്റായ അനുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് തോന്നുന്നുവെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫും ബി വി നാഗരത്‌നയും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

അടുത്ത ഹിയറിങ് തീയതിയായ ഏപ്രില്‍ 18 വരെ, പുതിയ സംവരണ നയത്തിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷനുമായോ നിയമനവുമായോ മുന്നോട്ട് പോകരുതെന്നും കോടതി കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിര്‍ണായകമായ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് സംസ്ഥാനത്തെ സംവരണ ക്വാട്ടയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയത്.

ഇത് പ്രകാരം മുസ്ലീങ്ങള്‍ക്കുള്ള 4 ശതമാനം ഒബിസി സംവരണം എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അവരെ 10 ശതമാനം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലേക്ക് (EWS) മാറ്റും. ഈ പുതിയ നയത്തോടെ മുസ്ലീങ്ങള്‍ക്ക് ബ്രാഹ്‌മണര്‍, വൈശ്യര്‍, മുതലിയാര്‍, ജൈനര്‍ തുടങ്ങിയ വിഭാഗങ്ങളുള്ള EWS ക്വാട്ടയില്‍ മത്സരിക്കേണ്ടിവരും. മുസ്ലീങ്ങളുടെ 4 ശതമാനം സംവരണം വൊക്കലിഗകള്‍ക്കും (2 ശതമാനം), ലിംഗായത്തുകള്‍ക്കും (2 ശതമാനം) ഭാഗിച്ച് നല്‍കാനുമായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇത് കൂടാതെ പട്ടികജാതി (എസ്സി) സംവരണം 15 ല്‍ നിന്ന് 17 ശതമാനമായും പട്ടികവര്‍ഗ സംവരണം(എസ്ടി) 3 മുതല്‍ 7 ശതമാനമായും ഉയര്‍ത്തിയിരുന്നു.