ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. ‘വോട്ട് ലക്ഷ്യമിട്ട് ഇരുവരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജവും വര്‍ഗീയപരവുമായ പരാമര്‍ശങ്ങളാണ് നടത്തുന്നത്, ഇതിന് അനുവദിക്കരുത്.’ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവര്‍ക്ക് അനുവാദം നല്‍കരുതെന്നും പരാതിയിലുണ്ട്. ഇരുവര്‍ക്കുമെതിരെ നടപടി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അഭിഷേക് സിംഗ്വി, മുകുള്‍ വാസ്‌നിക്, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയടക്കം കണ്ട് പരാതി നല്‍കിയത്.
അതേസമയം കര്‍ണാടകയില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എത്തും. രാവിലെ ഹംനാബാദില്‍ എത്തുന്ന നരേന്ദ്രമോദി വിജയപുര, കുടച്ചി എന്നിവിടങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. വൈകിട്ട് ബംഗളൂരു നോര്‍ത്തില്‍ റോഡ് ഷോയും സംഘടിപ്പിക്കും.
ഞായറാഴ്ച്ച കോലാര്‍, ചന്നപ്പട്ടണ, ബേലൂര്‍ എന്നിവിടങ്ങളിലാണ് പ്രചാരണം. വൈകിട്ട് മൈസുരുവില്‍ നടക്കുന്ന റോഡ് ഷോയോടെ പ്രചാരണം അവസാനിക്കും. അടുത്തമാസം രണ്ടിന് വീണ്ടും കര്‍ണാടകയില്‍ എത്തുന്ന മോദി ഏഴ് വരെ സംസ്ഥാനത്ത് പ്രചാരണം തുടരും. പ്രിയങ്കാ ഗാന്ധിയും ഇന്ന് കര്‍ണാടകയില്‍ പ്രചാരണം നടത്തും. കുണ്ടഗോളില്‍ റോഡ് ഷോയിലും നാവല്‍ഗുണ്ട്, ഹാലിയാല്‍ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കുന്നുണ്ട്.