31
August, 2025

A News 365Times Venture

31
Sunday
August, 2025

A News 365Times Venture

ജയ്‌സാൽമീറിൽ പുതിയ ദിനോസർ സ്പീഷിന്റെ ഫോസിൽ അവശിഷ്ടങ്ങൾ; ശാസ്ത്രജ്ഞർ താർ മരുഭൂമിയുടെ പേരു നൽകി

Date:


രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്ന് ഡിക്രെയോസോറസ് ദിനോസറിന്റെ (dicraeosaurus dinosaur) ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ഐഐടി റൂർക്കിയിലെയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെയും (ജിഎസ്‌ഐ) ​ഗവേഷകരാണ് നീണ്ട കഴുത്തുള്ള, സസ്യഭുക്കായ ഈ ദിനോസറിന്റെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സയന്റിഫിക് റിപ്പോർട്സ് എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുതിയതായി കണ്ടെത്തിയ ഫോസിൽ അവശിഷ്ടങ്ങൾക്ക് 167 ദശലക്ഷം വർഷം പഴക്കം ഉണ്ടെന്നും ശാസ്ത്രജ്ഞർക്കു പോലും അജ്ഞാതമായിരുന്ന ഒരു പുതിയ സ്പീഷിസിൽ പെട്ടതാണെന്നും സയന്റിഫിക് റിപ്പോർട്സിൽ പറയുന്നുണ്ട്. ഈ പുതിയ സ്പീഷിസിന് ‘തരോസോറസ് ഇൻഡിക്കസ്’ (Tharosaurus indicus) എന്നാണ് ശാസ്ത്രജ്ഞർ പേരു നൽകിയത്. ഫോസിലുകൾ കണ്ടെത്തിയ താർ മരുഭൂമിയെ സൂചിപ്പിക്കുന്നതാണ് ഇതിലെ ആദ്യത്തെ മൂന്നക്ഷരങ്ങൾ. ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയ രാജ്യമായ ഇന്ത്യയെ സൂചിപ്പിക്കുന്നതാണ് രണ്ടാമത്തെ ഭാ​ഗത്തെ ആദ്യ മൂന്നക്ഷരങ്ങൾ. തെക്കേ അമേരിക്ക, ആഫ്രിക്ക, ചൈന, തുടങ്ങിയ രാജ്യങ്ങളിൽ ഡിക്രെയോസോറസ് ദിനോസറിന്റെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതാദ്യമാണ്.

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ 2018 മുതൽ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആരംഭിച്ച ചിട്ടയായ പഠനങ്ങളും പര്യവേക്ഷണവും ഉത്ഖനനവുമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്ന് ഐഐടി റൂർക്കിയിലെ എർത്ത് സയൻസസ് വിഭാഗത്തിലെ പ്രൊഫസർ സുനിൽ ബാജ്‌പേയ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. സഹപ്രവർത്തകനായ ദേബജിത് ദത്തയുമായി ചേർന്ന് അഞ്ച് വർഷത്തോളം ഫോസിലുകളെ കുറിച്ച് അദ്ദേഹം വിശദമായ പഠനം നടത്തിയിരുന്നു.

ദിനോസറിന്റെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയ പാറക്ക് 167 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട്. അതുകൊണ്ടു തന്നെ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിടുള്ളതിൽ വെച്ച്, ലോകത്തിലെ ഏറ്റവും പഴയ ഡിക്രെയോസോറസ് ദിനോസറാകും ഇതെന്നും സുനിൽ ബാജ്‌പേയ് പറഞ്ഞു. ഇതിനു മുൻപ്, ഏറ്റവും പഴക്കം ചെന്ന ക്രെയോസോറസ് ദിനോസറിന്റെ അവശിഷ്ടങ്ങൾ ചൈനയിൽ നിന്നാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. ഇതിന് ഏകദേശം 166 ദശലക്ഷം വർഷം പഴക്കമുണ്ട്.

മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്ന് കഴിഞ്ഞ വർഷം ദിനോസർ മുട്ടകൾ കണ്ടെത്തിയിരുന്നു. ധാർ ജില്ലയിലെ ദിനോസർ ഫോസിൽ നാഷണൽ പാർക്കിൽ നിന്നാണ് ഡൽഹി സർവകലാശാലയിലെ ഗവേഷകർ ഫോസിലൈസ്ഡ് ദിനോസർ മുട്ടകൾ കണ്ടെത്തിയത്. മുട്ടകളുടെ പ്രത്യേകതയാണ് ഗവേഷകരെ അമ്പരപ്പിച്ചത്. ഇതുവരെ കണ്ടെത്തിയ ദിനോസർ മുട്ടകളിൽ നിന്ന് വ്യത്യസ്തമായി ഒന്ന് മറ്റൊന്നിനുള്ളിൽ കൂടുണ്ടാക്കിയ നിലയിലായിരുന്നു മധ്യപ്രദേശിൽ നിന്നും കണ്ടെത്തിയ മുട്ടകൾ. ovum-in-ovo അഥവാ അണ്ഡത്തിലെ അണ്ഡം എന്ന അവസ്ഥയാണിത്. സാധാരണഗതിയിൽ പക്ഷികളുടെ മുട്ടകളിൽ കാണുന്ന ഈ അവസ്ഥ ഇതുവരെ ഉരഗങ്ങളിൽ കണ്ടെത്തിയിട്ടില്ലെന്ന് നാച്ചർ ഡോട്ട് കോമിൽ പറയുന്നു. സൗറോപോഡ് ദിനോസറുകളുടെ വിഭാഗത്തിൽ പെട്ട ടൈറ്റനോസറുകളുടേതായിരുന്നു ഈ മുട്ടകൾ. പക്ഷികൾക്ക് സമാനമായ പ്രത്യുൽപാദന സ്വഭാവം ഇവയ്ക്കുണ്ടായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related