പല ഘടകകക്ഷികളും പേടി കാരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യത്തിൽ തുടരുന്നതെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവരെല്ലാം എൻഡിഎയ്ക്ക് പുറത്തേക്ക് വരുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രതിപക്ഷ ഐക്യമായ ഇന്ത്യയുടെ (I.N.D.I.A) ഭാഗമാണ് ജെഡിയു നേതാവ് കൂടിയായ നിതീഷ് കുമാർ.
“രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി കൈകോർത്തവരാണ് ഞങ്ങൾ. പല പാർട്ടികളും പേടിച്ചാണ് അവരോടൊപ്പം (ബി ജെ പി) നിൽക്കുന്നതെന്ന് അവർ മനസിലാക്കുന്നില്ല. അവർ ആരൊക്കെയാണെന്ന് ഞാനിപ്പോൾ പേരെടുത്ത് പറയുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ അവരെല്ലാം പുറത്ത് ചാടും,’ നിതീഷ് കുമാർ പറഞ്ഞു.
അവിശ്വാസ പ്രമേയ ചർച്ച നടക്കുന്ന രണ്ട് ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ എത്താത്തിനെക്കുറിച്ചും നിതീഷ് കുമാർ പ്രതികരിച്ചു.
‘പാർലമെന്റ് സമ്മേളിക്കുന്ന അവസരത്തിൽ കറങ്ങിനടക്കുകയാണ് ചിലർ. അടൽ ബിഹാരി വാജ്‌പേയി അധികാരത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ മന്ത്രിമാരിലൊരാളായിരുന്നു ഞാൻ. സഭയിൽ വരാനും എല്ലാ ചർച്ചകളിലും പങ്കെടുക്കാനും അന്ന് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു,” നിതീഷ് കുമാർ പറഞ്ഞു.
പ്രതിപക്ഷം തങ്ങളുടെ ജോലി കൃത്യമായി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ മണിപ്പൂർ വിഷയം തങ്ങൾ ഉന്നയിച്ചെന്നും രാജ്യം നേരിടുന്ന മറ്റ് പ്രശ്‌നങ്ങളെപ്പറ്റി ചോദ്യങ്ങൾ ഉയർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ‘അവര്‍ പേടിച്ചോടിയതാണ്, മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തിന് ഭയം’; ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
” നിർഭാഗ്യവശാൽ ഭരണപക്ഷത്തിന് വലിയ മാധ്യമ ശ്രദ്ധയാണ് ലഭിക്കുന്നത്. പ്രതിപക്ഷത്തിന്റെ വാക്കുകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നില്ല. ഭരണപക്ഷത്തിന്റെ ഓരോ വാക്കിനും അമിത പ്രാധാന്യം നൽകുകയാണ് മാധ്യമങ്ങൾ,” നിതീഷ് കുമാർ പറഞ്ഞു.
‘കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും മുഖ്യമന്ത്രിയാകാൻ എനിക്ക് താൽപ്പര്യമില്ലായിരുന്നു. ബിജെപിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് വീണ്ടും മുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെപ്പറ്റി അവർ ഓർക്കുന്നത് നല്ലതാണ്. ഞങ്ങൾ ഒരുമിച്ച് നിന്ന് ആ തെരഞ്ഞെടുപ്പിൽ അവരെക്കാൾ സീറ്റാണ് ജെഡിയു നേടിയത്,” നിതീഷ് കുമാർ പറഞ്ഞു.
അതേസമയം മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്‌പേയോടുള്ള സ്‌നേഹത്തെപ്പറ്റിയും നിതീഷ് വിശദീകരിച്ചു. അദ്ദേഹത്തോട് തനിക്ക് എന്നും ബഹുമാനമുണ്ടെന്നും നിതീഷ് കുമാർ പറഞ്ഞു. നിലവിലെ ബിജെപി സർക്കാരിന്റെ മുൻഗണനകൾ മറ്റ് പലതുമാണെന്നും നിതീഷ് കുമാർ കുറ്റപ്പെടുത്തി. കൂടാതെ സംസ്ഥാന സർക്കാർ പദ്ധതികളുടെ ക്രെഡിറ്റ് നേടിയെടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
” സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും എല്ലാ വീടുകളിലും വൈദ്യുതിയും വെള്ളവും എത്തിച്ചത് ഞങ്ങളാണ്. എന്നാൽ ഇതെല്ലാം തങ്ങളുടെ കഴിവ് കൊണ്ടാണ് ലഭിച്ചത് എന്ന് ഉയർത്തിക്കാട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നത്,” നിതീഷ് കുമാർ ആരോപിച്ചു.
Summary: Bihar chief minister Nitish Kumar claims that those who stays with NDA out of fear would shift gears during poll time