77-ാം സ്വാതന്ത്ര്യദിനാഘോഷത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ് ഇന്ത്യ. നമുക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ ജീവന്‍ ബലികഴിച്ച സ്വാതന്ത്ര്യസമരസേനാനികളെ അനുസ്മരിക്കാനും കൂടിയുള്ളതാണ് ഈ ദിനം. സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ത്രിവര്‍ണ പതാകയുയര്‍ത്തിയും പരേഡുകള്‍ നടത്തിയുമാണ് രാജ്യം ഈ ദിനം ആഘോഷിക്കുന്നത്. ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമായതിന്റെ ആഘോഷം കൂടിയാണിത്.
എന്നാല്‍ ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കാത്ത ഒരു സംസ്ഥാനമുണ്ട് ഇന്ത്യയില്‍. അതേതാണെന്ന് അറിയാമോ? അതെ. ഗോവ തന്നെ. 1947 ആഗസ്റ്റ് 15ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. എന്നാല്‍ അന്ന് സ്വാതന്ത്ര്യം ലഭിക്കാത്ത സംസ്ഥാനമാണ് ഗോവ.
അന്ന് ഗോവ ഭരിച്ചിരുന്നത് പോര്‍ച്ചുഗീസുകാരായിരുന്നു. ഇന്ത്യയില്‍ ആദ്യമെത്തിയതും അവസാനം പോയതുമായ വിദേശ ശക്തികളായ പോര്‍ച്ചുഗീസുകാരായിരുന്നു ഗോവയിലെ ജനങ്ങളെ തങ്ങളുടെ ഭരണത്തിന്‍ കീഴില്‍ നിയന്ത്രിച്ചിരുന്നത്.
Also read-Independence Day | ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷം; ‘പിഎം-കിസാന്‍’ ഗുണഭോക്താക്കള്‍ ഉൾപ്പെടെ 1800ഓളം പേർക്ക് ക്ഷണം
1510ലാണ് പോര്‍ച്ചുഗീസുകാര്‍ ഗോവയെ കീഴടക്കിയത്. തുടര്‍ന്ന് തദ്ദേശീയരായ ജനങ്ങളെ ഇവര്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. 1946 മുതലാണ് ഗോവയില്‍ പോര്‍ച്ചുഗീസുകാരുടെ ശക്തി ക്ഷയിക്കാന്‍ തുടങ്ങിയത്.
പിന്നീട് ഗോവ സന്ദര്‍ശിച്ച റാം മനോഹര്‍ ലോഹ്യ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ചു. ഈ പ്രസ്ഥാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഗോവയിലെ യുവാക്കളും പോര്‍ച്ചുഗീസ് ശക്തിയ്‌ക്കെതിരെ മുന്നോട്ട് വന്നു.
തുടര്‍ന്ന് പ്രഭാകര്‍ വിത്തല്‍ സിനാരി ആസാദ് ഗോമന്തക് ദള്‍ എന്നൊരു സംഘടന രൂപീകരിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘും ഗോവ വിമോചനത്തിനായി അണിനിരന്നു.
മറ്റ് സംസ്ഥാനങ്ങളിലെ ദേശീയവാദികളുടെ സഹായത്തോടെ വികസിച്ച ആസാദ് ഗോമന്തക് ദള്‍ യുണൈറ്റഡ് ഫ്രണ്ട് ലിബറേഷനായി വികസിച്ചു. നരോലി, ദാദ്രാ നാഗര്‍ഹവേലി എന്നിവയുടെ വിമോചനത്തിനായി ഈ സംഘടന മുന്നോട്ടുവന്നു. പ്രക്ഷോഭങ്ങളും ആരംഭിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി. ഗോവയെ ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി സൈനിക നീക്കവുമായി മുന്നോട്ട് പോകാന്‍ അന്നത്തെ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പറേഷന്‍ വിജയ് എന്ന പേരില്‍ നടത്തിയ സൈനിക നീക്കത്തിലൂടെ പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തി ഗോവയെ സ്വതന്ത്രമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1961 ഡിസംബര്‍ 18നായിരുന്നു ഗോവയെ പോര്‍ച്ചുഗീസുകാരില്‍ നിന്ന് മോചിപ്പിച്ചത്.
പോര്‍ച്ചുഗീസ് പക്ഷത്ത് അവസാനം 3300 പട്ടാളക്കാര്‍ മാത്രമാണ് അവശേഷിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങാന്‍ അന്നത്തെ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ജനറലായ മാനുവല്‍ ആന്റോണിയോ വാസ്ലോ ഇ സില്‍വ തീരുമാനിച്ചു. തുടര്‍ന്ന് ഡിസംബര്‍ 18 വൈകുന്നേരത്തോടെ ഗോവയിലെ ഭരണസിരാകേന്ദ്രത്തിന് മുകളിലുള്ള പോര്‍ച്ചുഗീസ് പതാക താഴ്ത്തുകയും ചെയ്തു. കീഴടങ്ങിയെന്ന് വ്യക്തമാക്കുന്ന വെളുത്ത പതാക ഉയര്‍ത്തുകയും ചെയ്തു. ഡിസംബര്‍ 19ന് അന്നത്തെ മേജര്‍ ജനറല്‍ കാൻഡെത്ത് ഗോവയുടെ സെക്രട്ടറിയേറ്റിന് മുന്നില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി. പിന്നീട് എല്ലാ വര്‍ഷവും ഡിസംബര്‍ 18 ഗോവ വിമോചന ദിനമായാണ് ആചരിച്ച് പോരുന്നത്.