ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം മൂന്ന് ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ചു. ഇതിൽ ആൾക്കൂട്ട കൊലപാതകത്തിന് പുതിയ നിയമ വ്യവസ്ഥകൾ കൊണ്ടുവരുകയും വിചാരണ തടവുകാർക്കുള്ള ജാമ്യ നിയമങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
പഴയതും പുതിയതും
സിആർപിസിക്ക് പകരമുള്ള ഭാരതീയ നാഗരിക് സുരക്ഷ സംഹിത ബില്ലിൽ 478 വിഭാഗങ്ങൾക്ക് പകരം ഇനി മുതൽ 533 വിഭാഗങ്ങൾ ഉണ്ടാകും. കൂടാതെ 160 വകുപ്പുകൾ ഭേദഗതി ചെയ്യുകയും ഒമ്പത് പുതിയ വകുപ്പുകൾ ചേർക്കുകയും ചെയ്തിട്ടുണ്ട്. ഐപിസിയിലെ 511 വകുപ്പുകളുടെ സ്ഥാനത്ത് 356 വകുപ്പുകളാണ് ഭാരതീയ ന്യായ സംഹിതയിൽ ഉണ്ടാവുക. ആകെ 175 വകുപ്പുകൾ ഭേദഗതി ചെയ്തു. അതേസമയം ഇതിൽ എട്ട് പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും 22 വകുപ്പുകൾ റദ്ദാക്കുകയും ചെയ്തു. നേരത്തെ ഇന്ത്യൻ എവിഡൻസ് ആക്ടിൽ ഉണ്ടായിരുന്ന 167 വിഭാഗങ്ങളുടെ സ്ഥാനത്ത് ഇനി മുതൽ 170 വിഭാഗങ്ങളാണ് ഭാരതീയ സാക്ഷ്യ അധീനിയത്തിൽ ഉണ്ടാവുക. ഇതിൽ ആകെ 23 വകുപ്പുകൾ ഭേദഗതി ചെയ്യുകയും ഒരു പുതിയ വകുപ്പ് കൂട്ടിച്ചേർക്കുകയും അഞ്ച് വകുപ്പുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
ആൾക്കൂട്ട ആക്രമണത്തിന് പുതിയ നിയമം
വംശം, ജാതി, സമുദായം തുടങ്ങിയവയുടെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഏഴ് വർഷം തടവോ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന ശിക്ഷാവിധിയാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇത് ഗുരുതരമായ പരുക്കുകളിലേക്കോ ജീവിതകാലം മുഴുവൻ ഒരാളെ ഏതെങ്കിലും വൈകല്യങ്ങളിലേക്കോ നയിച്ചാലും ലഭിക്കുന്ന ശിക്ഷ കഠിനം ആയിരിക്കും. കൂടാതെ കുട്ടികളെ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് കുറഞ്ഞത് ഏഴു മുതൽ 10 വർഷം വരെ തടവുശിക്ഷ നൽകാനും പുതിയ നിയമവ്യവസ്ഥയിൽ നിർദ്ദേശിക്കുന്നു. നേരത്തെ ഇതിനുള്ള പിഴ വെറും 10 രൂപമുതൽ 500 രൂപ വരെയായിരുന്നു.
സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ
വിവാഹം, ജോലി, സ്ഥാനക്കയറ്റം വ്യാജ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യൽ, വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് കബളിപ്പിക്കൽ എന്നിവയെല്ലാം ശിക്ഷാർഹമായ കുറ്റമായി പുതിയ നിയമവ്യവസ്ഥ കണക്കാക്കുന്നു. കൂട്ടബലാത്സംഗ കേസുകളിൽ ആകട്ടെ കുറഞ്ഞത് 20 വർഷം തടവോ ജീവപര്യന്തമോ പ്രതികൾക്ക് ലഭിക്കുന്നതാണ്. കൂടാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കേസുകളിൽ ജീവപര്യന്തമോ വധശിക്ഷയോ നൽകാനുള്ള വ്യവസ്ഥയുമുണ്ട്.
അനധികൃത വരുമാനവുമായി ബന്ധപ്പെട്ട വസ്തുവകകൾ കണ്ടുകെട്ടൽ
അനധികൃത വരുമാനത്തിലും സ്വത്ത് സമ്പാദനത്തിലും പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ക്രിമിനൽ പ്രവർത്തനങ്ങളുടെ ഫലമായാണ് സ്വത്ത് സമ്പാദിച്ചതെന്ന് ബോധ്യപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥന് ഇനി മുതൽ നേരിട്ട് കോടതിയിൽ അപേക്ഷ നൽകാം. സ്വത്ത് കൈവശമുള്ള വ്യക്തിക്ക് അതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ സ്വത്തുവകകൾ കണ്ടുകെട്ടാനും കോടതിക്ക് സാധിക്കും.
കുറ്റവാളികളുടെ അസാന്നിധ്യത്തിലും വിചാരണ തുടരും
കുറ്റവാളികളെ കണ്ടെത്താത്ത പശ്ചാത്തലത്തിലും ഇനിമുതൽ വിചാരണ തുടരാം. അതായത് വിധി വരുന്നതുവരെ കേസ് തുടരും. പൊതുപണം കൈക്കലാക്കി വിദേശത്തേക്ക് കടന്നവർ ഉൾപ്പെടെ ഇനി ഒളിവിൽ കഴിയുന്ന പ്രതികളും വിചാരണ നേരിടേണ്ടിവരും. കുറ്റവാളികൾ അന്വേഷണത്തിലും നീതിന്യായ പ്രക്രിയയിലും സഹകരിക്കാൻ വിസമ്മതിച്ചാലും ശിക്ഷിക്കപ്പെടും.
അതേസമയം തിരച്ചിൽ നടത്തുന്നതിലും പിടിച്ചെടുക്കലിലും അന്വേഷണത്തിലുടനീളം ഫോറൻസിക് വിദഗ്ധരുടെ പ്രവർത്തനവും ഉറപ്പാക്കും. ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന എല്ലാ കേസുകളിലും ഫോറൻസിക് വിദഗ്ധരെ നിയമിക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും അഞ്ച് വർഷത്തിനകം ഉറപ്പാക്കും എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Also read-Independence Day | ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷം; ‘പിഎം-കിസാന്‍’ ഗുണഭോക്താക്കള്‍ ഉൾപ്പെടെ 1800ഓളം പേർക്ക് ക്ഷണം
ഇ – എഫ്ഐആർ
ഇതിന് പുറമേ സീറോ എഫ്‌ഐആർ’ ഫയൽ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർക്ക് ഇതിനുള്ള സൗകര്യം ഉറപ്പാക്കും. ഇ-എഫ്‌ഐആറിനും പുതിയ വ്യവസ്ഥകൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ എല്ലാ ജില്ലയിലും എല്ലാ പോലീസ് സ്റ്റേഷനുകളിലും ഒരു പോലീസ് ഉദ്യോഗസ്ഥനെ നിയോഗിക്കും, ഡിജിറ്റൽ മാർഗങ്ങൾ ഉൾപ്പെടെ 90 ദിവസത്തിനകം അന്വേഷണ പുരോഗതി ഇരയെ പൊലീസ് ഉദ്യോഗസ്ഥർ അറിയിക്കുന്ന സംവിധാനവും ഏർപ്പെടുത്തും.
ലൈംഗിക അതിക്രമം
ലൈംഗികാതിക്രമം നടന്നാൽ ഇരയുടെ മൊഴി വനിതാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്താം. ഒരു വനിതാ പോലീസ് ഓഫീസറുടെ സാന്നിധ്യത്തിൽ ഇരയുടെ മൊഴി അവരുടെ വസതിയിൽ രേഖപ്പെടുത്തുന്നതും അഭികാമ്യമാണ്. ഇങ്ങനെ മൊഴി രേഖപ്പെടുത്തുമ്പോൾ, ഇരയുടെ രക്ഷിതാവോ അടുത്ത ബന്ധുക്കളോ ഇവർക്കൊപ്പം ഉണ്ടാകാം.
നടപടിക്രമങ്ങൾ ലഘൂകരിക്കൽ
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കുറ്റപത്രം സമർപ്പിച്ച ശേഷം കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ 90 ദിവസത്തിനകം കുറ്റപത്രം പൂർത്തിയാക്കണം. എന്നാൽ 90 ദിവസത്തിൽ കൂടുതൽ സമയം നീട്ടുന്നത് കോടതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂ. വാറണ്ടിന്റെ കാര്യത്തിൽ കോടതി ആദ്യ വാദം കേൾക്കുന്ന തീയതി മുതൽ 60 ദിവസത്തെ സമയപരിധിയും പുതിയ നിയമവ്യവസ്ഥ പ്രകാരം നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം കുറ്റാരോപിതനായ വ്യക്തിക്ക് കുറ്റപത്രം തയ്യാറാക്കിയ തീയതി മുതൽ 60 ദിവസത്തിനുള്ളിൽ മോചനത്തിനായി അപ്പീൽ നൽകാം. വാദങ്ങൾ അവസാനിച്ചതിന് ശേഷം ജഡ്ജി 30 ദിവസത്തിനുള്ളിൽ ഒരു തീരുമാനം പറയും. അത് ചില സാഹചര്യങ്ങളാലും പ്രത്യേക കാരണങ്ങളാലും 60 ദിവസത്തേക്ക് നീട്ടിയേക്കാം. എന്നാൽ സർക്കാർ അവതരിപ്പിച്ച ബിൽ പ്രകാരം ആദ്യമായി കുറ്റം ചെയ്യുന്നവരെ നേരത്തെ വിട്ടയക്കാം. ആദ്യമായി കുറ്റവാളിയാകുകയും തടവിന്റെ മൂന്നിലൊന്ന് അനുഭവിക്കുകയും ചെയ്ത ഒരു വ്യക്തിയെ കോടതി ജാമ്യത്തിൽ വിട്ടയക്കാനും സാധിക്കും.
വിചാരണ തടവ്
വിചാരണ തടവുകാരൻ കാലാവധിയുടെ പകുതിയോ മൂന്നിലൊന്നോ പൂർത്തിയാക്കിയാൽ, ജയിൽ സൂപ്രണ്ട് ഉടൻ തന്നെ കോടതിയിൽ രേഖാമൂലം അപേക്ഷ നൽകേണ്ടതാണ്. ഇതിൽ ജീവപര്യന്തത്തിനോ വധശിക്ഷയ്‌ക്കോ ശിക്ഷിക്കപ്പെട്ട വിചാരണത്തടവുകാരന്റെ ശിക്ഷ ഇളവിന് പരിഗണിക്കുന്നതുമല്ല.
അതേസമയം കോളോണിയൽ കാലത്തെ ഇന്ത്യൻ ക്രിമിനൽ നിയമങ്ങളെ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടും കൂടിയാണ് കേന്ദ്ര സർക്കാർ പുതിയ നിയമവ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകിയിരിക്കുന്നത്. നിലവിലുള്ള വ്യവസ്ഥയെ പൂർണമായും മാറ്റി മറിക്കുന്ന ബില്ലുകൾ ആണ് ലോകസഭയിൽ അവതരിപ്പിച്ചത്. ശിക്ഷയായി നൽകുന്ന പിഴയ്ക്ക് പകരം സാമൂഹിക സേവനമാണ് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. കൂടാതെ അന്വേഷണത്തിന് സാങ്കേതികവിദ്യയെയും ഫൊറൻസിക് സയൻസിനെയും ഉപയോഗപ്പെടുത്താം. സമൻസുകൾ ഇലക്ട്രോണിക്‌സ് രൂപത്തിൽ നൽകാം. ഇലക്ട്രോണിക്, ഡിജിറ്റൽ രേഖകൾ തെളിവായി സ്വീകരിക്കാമെന്നും ബില്ലിൽ പറയുന്നു
രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ഇത് മാറ്റി മറിക്കുമെന്നാണ് ബിൽ അവതരിപ്പിക്കവെ അമിത് ഷാ ലോക്‌സഭയെ അറിയിച്ചത്. കൂടാതെ ഇതുവഴി ഇന്ത്യൻ പൗരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനും നിലവിലെ ആവശ്യത്തിന് അനുസരിച്ചുള്ള നിയമസംവിധാനം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ താത്പര്യങ്ങൾ മുൻനിർത്തിയുമാണ് ഈ മാറ്റങ്ങളെന്നും അമിത് ഷാ വ്യക്തമാക്കി.