‘കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്റംഗ് ദളിനെ നിരോധിക്കില്ല’; മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗ്
ഭോപ്പാല്‍: കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ബജ്റംഗ് ദളിനെ നിരോധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. എന്നാല്‍ ഗുണ്ടകളെയും കലാപകാരികളെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെയാണ് മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സംസ്ഥാനം ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്. ഈ പശ്ചാത്തലത്തിലാണ് ദിഗ് വിജയ് സിംഗിന്റെ പരാമര്‍ശം. ഹിന്ദുത്വ രാഷ്ട്രം സംബന്ധിച്ച കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രസ്താവനയേയും അദ്ദേഹം പ്രതിരോധിച്ചു.
വിശ്വഹിന്ദു പരിഷത്തിന്റെ യുവജനവിഭാഗമാണ് ബജ്‌റംഗ് ദള്‍. ഹരിയാനയിലെ നൂഹ് ജില്ലയിലെ വര്‍ഗീയ കലാപത്തോട് അനുബന്ധിച്ച് ഗോസംരക്ഷ സേനാംഗം ബിട്ടു ബജ്‌റംഗി അറസ്റ്റിലായതോടെ വിഎച്ച്പി സംഘടനയുമായി വേര്‍പിരിഞ്ഞ നിലയിലാണ്.
“സാമൂഹിക വിരുദ്ധരുടെയും ഗുണ്ടകളുടേയും പ്രധാന താവളമാണ് ബജ്‌റംഗ് ദള്‍. ഈ രാജ്യം എല്ലാവരുടേതുമാണ്. മോദിജീ (പ്രധാനമന്ത്രി നരേന്ദ്രമോദി), ശിവരാജ് ജീ (മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍) ഈ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കൂ. രാജ്യത്ത് സമാധാനം പുനസ്ഥാപിക്കു. അതിലൂടെ വികസനം സാധ്യമാക്കൂ”, എന്നും വിജയ് സിംഗ് പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബജ്റംഗ് ദളിനെ നിരോധിക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. “ഞങ്ങള്‍ ഒരിക്കലും നിരോധിക്കില്ല. ബജ്‌റംഗ് ദളിലും നല്ല മനുഷ്യരുണ്ട്. കലാപത്തിന് നേതൃത്വം കൊടുക്കുന്ന ഗുണ്ടകളെ വെറുതെവിടില്ല,”.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ ഹിന്ദു രാഷ്ട്ര പ്രസ്താവന സംബന്ധിച്ച ചോദ്യത്തിനും അദ്ദേഹം വിശദീകരണം നല്‍കി. “കമല്‍നാഥിന്റെ പ്രസ്താവനകളെ നിങ്ങള്‍ വളച്ചൊടിച്ചു. ബിജെപിയും നിങ്ങളും പറയുന്നത് പോലെയുള്ള പ്രസ്താവനയല്ല അദ്ദേഹം നടത്തിയത്. എനിക്ക് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും സംസ്ഥാന മുഖ്യമന്ത്രിയോടും ഒരു കാര്യം ചോദിക്കാനുണ്ട്. അവര്‍ ഭരണഘടനയെ സാക്ഷിയാക്കിയാണോ അതോ ഹിന്ദുരാഷ്ട്രത്തിന്റെ പേരിലാണോ സത്യപ്രതിജ്ഞ ചെയ്തത്?,’”
ആഗസ്റ്റ് എട്ടിനായിരുന്നു വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രംഗത്തെത്തിയത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ആത്മീയ നേതാവ് ധീരേന്ദ്ര ശാസ്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കവെയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം.”ലോകത്ത് ഏറ്റവും കൂടുതല്‍ ഹിന്ദുക്കള്‍ ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. 82 ശതമാനം ഹിന്ദുക്കളാണ് ഇന്ത്യയിലുള്ളത്. അതില്‍ തര്‍ക്കമൊന്നുമില്ല,” എന്നായിരുന്നു കമല്‍നാഥ് പറഞ്ഞത്.
സംസ്ഥാനത്തെ ബിജെപി ഭരണം അടിമുടി അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു. ഇക്കഴിഞ്ഞ മെയിലുണ്ടായ ശക്തമായ കാറ്റില്‍ ഉജ്ജയിനിലെ ചില പ്രതിമകള്‍ തകര്‍ന്ന് വീണ സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.