പച്ചക്കറികളുടെയും മറ്റും വില വർധനവിനെ തുടർന്ന് അടുത്തിടെ ഭക്ഷ്യവിലപ്പെരുപ്പം കുതിച്ചുയർന്ന സാഹചര്യത്തിൽ, റഷ്യയിൽ നിന്ന് ഗോതമ്പ് വിലക്കുറവിൽ ഇറക്കുമതി ചെയ്യുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ജൂലൈയിൽ 15ന് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ചില്ലറ പണപ്പെരുപ്പം കുറയ്ക്കാൻ ഈ നീക്കം കേന്ദ്രത്തെ സഹായിച്ചേക്കും.
“സ്വകാര്യമേഖലയിലൂടെയും സർക്കാരുമായി നേരിട്ടുള്ള ഇടപാടിലൂടെയുമുള്ള ഇറക്കുമതി സാധ്യത കേന്ദ്രം പരിശോധിച്ച് വരികയാണ്. തീരുമാനം വളരെ ശ്രദ്ധയോടെയായിരിക്കും എടുക്കുക ”, എന്ന്, റഷ്യയിൽ നിന്നുള്ള ഗോതമ്പ് ഇറക്കുമതിയെക്കുറിച്ച് ചോദിച്ചപ്പോൾ ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
സർക്കാർ വെയർഹൗസുകളിലെ ഗോതമ്പ് ശേഖരം ഓഗസ്റ്റ് ഒന്നിന് 28.3 ദശലക്ഷം ടൺ ആയിരുന്നു. 10 വർഷത്തെ ശരാശരി അളവിനേക്കാൾ 20 ശതമാനം കുറവാണിത്.
കഴിഞ്ഞ വർഷം, ഉത്പാദനം കുറവായതിനാൽ ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. ഈ വർഷത്തെ വിളവും സർക്കാരിന്റെ കണക്കുകൂട്ടലിനേക്കാൾ കുറഞ്ഞത് 10 % എങ്കിലും കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വർഷങ്ങളായി ഇന്ത്യ നയതന്ത്ര ഇടപാടുകളിലൂടെ ഗോതമ്പ് ഇറക്കുമതി ചെയ്തിട്ടില്ല. 2017ൽ സ്വകാര്യ വ്യാപാരികൾ 5.3 മില്യൺ മെട്രിക് ടൺ ഗോതമ്പ് കയറ്റുമതി ചെയ്തതിനെ തുടർന്നാണ് ഇന്ത്യ അവസാനമായി ഉയർന്ന അളവിൽ ഗോതമ്പ് ഇറക്കുമതി ചെയ്തത്.
ഇന്ധനം, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് റഷ്യയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത്. പാവപ്പെട്ടവർക്കിടയിൽ പണപ്പെരുപ്പത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ചർച്ചകൾ സ്വകാര്യമായതിനാലും അന്തിമ തീരുമാനമാകാത്തതിനാലും ബന്ധപ്പെട്ട വൃത്തങ്ങൾ പേര് വെളിപ്പെടുത്താതെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യയുടെ സാമ്പത്തിക, വ്യാപാര, സർക്കാർ വക്താക്കളും ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ തേടി അയച്ച ഇമെയിലുകൾക്ക് മറുപടി നൽകിയിട്ടില്ല.
റഷ്യയിൽ നിന്ന് ഗോതമ്പ് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ലെന്ന് ഭക്ഷ്യവകുപ്പിലെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചോപ്ര കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
ഗോതമ്പിന്റെ കുറവ്
ഗോതമ്പിന്റെ കുറവ് നികത്താൻ ഇന്ത്യയ്ക്ക് 3 മില്യൺ മുതൽ 4 മില്യൺ മെട്രിക് ടൺ വരെ ഗോതമ്പ് മാത്രമേ ആവശ്യമുള്ളൂവെങ്കിലും വില കുറയ്ക്കാൻ റഷ്യയിൽ നിന്ന് 8 മില്യൺ മുതൽ 9 ദശലക്ഷം ടൺ വരെ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് മറ്റൊരു ഉറവിടം വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം യുക്രെയ്നും റഷ്യയിൽ തമ്മിലുള്ള യുദ്ധ പശ്ചാത്തലത്തിൽ ഇന്ത്യയിലേയ്ക്ക് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്ത വലിയ രാജ്യമായി റഷ്യ മാറി. ഈ സമയത്ത് റഷ്യയിൽ നിന്ന് ഇന്ത്യ വിലക്കുറവിൽ എണ്ണ വാങ്ങിയിരുന്നു.
ഇന്ത്യ റഷ്യയിൽ നിന്ന് സൺഫ്ലവർ ഓയിൽ ഇറക്കുമതി ചെയ്യുകയും യുഎസ് ഡോളറിൽ പണമടയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഇതേ രീതിയിൽ ഗോതമ്പ് ഇറക്കുമതി ചെയ്യാനാണ് പദ്ധതിയിടുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.