മഹാദേവ് ആപ്പിനെതിരേയുള്ള അന്വേഷണം ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ ഒന്നര വര്‍ഷത്തോളം വൈകിപ്പിച്ചുവെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ അവരില്‍ നിന്ന് 508 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും രാഷ്ട്രീയ പ്രചാരണത്തിനായി ഈ പണം വിനിയോഗിച്ചുവെന്നും ന്യൂസ് 18-ന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി പറഞ്ഞു.
അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചതിനെത്തുടര്‍ന്ന് മഹാദേവ് വാതുവെപ്പ് ആപ്പ് ഉള്‍പ്പെടെ 22 ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച നിർദേശം നൽകിയിരുന്നു. അതേസമയം, ആപ്പ് നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരാണ് കാലതാമസം വരുത്തിയതെന്ന് ബാഗേല്‍ ആരോപിച്ചു. ”ആപ്പുകള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ഏറെ കാലതാമസം നേരിട്ടു. കാരണം, ഒന്നരവര്‍ഷം മുമ്പ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഈ ആപ്പുകള്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിരുന്നു. ആപ്പുകള്‍ നിരോധിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്ത് അയക്കാനുള്ള അധികാരം പൂര്‍ണമായും അദ്ദേഹത്തിനാണുള്ളത്. വാതുവെപ്പുകള്‍ കണ്ടെത്തി ആദ്യത്തെ അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് അത് ചെയ്യാമായിരുന്നു. എന്നാല്‍, അദ്ദേഹം അത് ചെയ്തില്ല,” മന്ത്രി പറഞ്ഞു.
മഹാദേവ് ബുക്ക് ഉൾപ്പെടെ 22 വാതുവയ്പ് ആപ്പുകൾ കേന്ദ്രം നിരോധിച്ചു
ഈ വിഷയം ഉന്നയിച്ച് ബാഗേല്‍ ഒരു കത്തുപോലും അയച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ അന്വേഷണം ഒന്നര വര്‍ഷത്തേക്ക് നീട്ടാൻ ബാഗേല്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം നീട്ടിയതിന്റെ പ്രതിഫലമായി 508 കോടി രൂപ അദ്ദേഹത്തിന് കിട്ടി. ഇന്ന് ഇഡിയും കേന്ദ്രസര്‍ക്കാരും നടപടിയെടുത്തപ്പോള്‍ അത് തന്റെ ഉത്തരവാദിത്വമല്ലെന്ന നിലപാടാണ് ബാഗേല്‍ എടുത്തിരിക്കുന്നത്. നിയമവിരുദ്ധമായ ഈ ആപ്പിനെ കുറിച്ച് അന്വേഷിക്കുന്നത് അദ്ദേഹത്തിന്റെ ഭരണകൂടമായിരുന്നു, അന്വേഷണം ആരംഭിച്ച ഉടന്‍ തന്നെ ഈ ആപ്പുകള്‍ തടയാന്‍ ആവശ്യപ്പെടേണ്ടത് അദ്ദേഹത്തിന്റെ കടമയായിരുന്നു, കേന്ദ്ര മന്ത്രി പറഞ്ഞു.
ബാഗേല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്നത് സംബന്ധിച്ച് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം അന്വേഷണം ഒന്നരവര്‍ഷത്തോളം വൈകിപ്പിച്ചുവെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. എവിടെ നിന്നാണ് 508 കോടി രൂപ ലഭിച്ചതെന്നും ഇത്തരം സ്ഥാപനം നിരോധിക്കുന്നതിനായി എന്തുകൊണ്ട് നടപടികള്‍ സ്വീകരിച്ചില്ലെന്നതു സംബന്ധിച്ചും ബാഗേല്‍ ഉത്തരം നല്‍കണം. ഈ പണം അദ്ദേഹം ശേഖരിച്ചതെങ്ങനെയന്നും അത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതെങ്ങനെയെന്നും അദ്ദേഹം മറുപടി നല്‍കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആപ്പിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ ഭൂപേഷ് ബാഗേല്‍ സോണിയ ഗാന്ധിയോടും രാഹുല്‍ ഗാന്ധിയോടും പറഞ്ഞിരുന്നുവോയെന്നും മന്ത്രി ചോദിച്ചു. ഞായറാഴ്ച ഇഡിയില്‍നിന്ന് അറിയിപ്പ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ എന്തുചെയ്യുമെന്നത് സംബന്ധിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.