ചോദ്യത്തിന് കോഴ വിവാദത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കാൻ ശുപാര്‍ശ ചെയ്ത് ലോക്‌സഭാ എത്തിക്സ് കമ്മിറ്റി. എംപിയുടെ പ്രവര്‍ത്തി അസ്സന്മാര്‍ഗികവും ഹീനവുമാണെന്ന് സമിതി വിലയിരുത്തിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. മൊയ്ത്രയുടെ ഭാഗത്തുനിന്ന് ‘ഗുരുതരമായ വീഴ്ച’യുണ്ടായതായി അവര്‍ പറഞ്ഞു. വിഷയത്തില്‍ സമിതി വ്യാഴാഴ്ച കരട് റിപ്പോര്‍ട്ട് സമർപ്പിക്കും.
സമിതിയില്‍ ബിജെപി അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളതിനാല്‍ 15 അംഗ കമ്മിറ്റി മൊയ്ത്രയ്‌ക്കെതിരായ കുറ്റാരോപണങ്ങളില്‍ കടുത്ത നിലപാട് എടുക്കാന്‍ സാധ്യതയുണ്ട്. സമിതി അധ്യക്ഷനും ബിജെപി എംപിയുമായ വിനോദ് കുമാര്‍ സോങ്കര്‍ ഹിയറിങ്ങിനിടെ വൃത്തികെട്ടതും വ്യക്തിപരവുമായ ചോദ്യങ്ങള്‍ ചോദിച്ചതായി മഹുവ മൊയ്ത്ര ആരോപിച്ചിരുന്നു.
‘മഹുവ മൊയ്ത്രയോട് എത്തിക്സ് കമ്മിറ്റി മോശം ചോദ്യങ്ങൾ ചോദിച്ചെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയം വിടും’; നിഷികാന്ത് ദുബെ
സമിതിയുടെ മുമ്പാകെ കഴിഞ്ഞ ദിവസം ഹാജരായ മൊയ്ത്ര ഇടയ്ക്ക് ഇറങ്ങിപ്പോന്നിരുന്നു. പ്രതിപക്ഷ എംപിമാര്‍ മൊയ്ത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അംഗങ്ങളായ എന്‍ ഉത്തം കുമാര്‍ റെഡ്ഡിയും വി വൈത്തിലിംഗവും ബിഎസ്പി അംഗം കുന്‍വര്‍ ഡാനിഷ് അലിയും വിയോജനക്കുറിപ്പ് സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
മഹുവ മൊയ്ത്രയ്‌ക്കെതിരേ എത്തിക്‌സ് കമ്മിറ്റിനല്‍കിയ ശുപാര്‍ശകള്‍
1. മഹുവ മൊയ്ത്രയുടെ പ്രവര്‍ത്തി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അധാര്‍മികവും ഹീനവും ക്രമിനല്‍ കുറ്റവുമാണെന്ന് സമിതി പറഞ്ഞു. ഇത് കാരണം, 17-ാം ലോക്‌സഭയിലെ അംഗത്വത്തില്‍ നിന്ന് അവരെ പുറത്താക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തു.
2. കേന്ദ്രസര്‍ക്കാര്‍ ഗൗരവമേറിയതും നിയമപരവുമായ അന്വേഷണം നടത്തണമെന്ന് സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് പാനലിലെ വൃത്തങ്ങള്‍ പറഞ്ഞു.
3. മഹുവ മൊയ്ത്രയും ദര്‍ശന്‍ ഹീരാനന്ദനിയുടെ തമ്മിലുള്ള പണമിടപാട് ‘ചോദ്യത്തിന് കോഴ’ എന്ന കാര്യമാണോയെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
4. നവംബര്‍ 2 ന് ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗം ഡാനിഷ് അലി നടത്തിയ ‘അച്ചടക്കമില്ലാത്ത പെരുമാറ്റത്തിനും കിംവദന്തികള്‍ പ്രചരിപ്പിച്ചതിനും’ എതിരെ നടപടി സ്വീകരിക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
അഴിമതി ആരോപണത്തില്‍ തൃണമൂല്‍ എംപിക്കതിരേ സിബിഐ അന്വേഷണത്തിന് ലോക്പാല്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് മൊയ്ത്രയ്‌ക്കെതിരേ പരാതി നല്‍കിയ ബിജെപി എംപി നിഷികാന്ത് ദുബെ ബുധനാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ”എന്റെ പരാതിയില്‍, രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി അഴിമതി നടത്തിയതിന് പ്രതിയായ മഹുവ മൊയ്ത്രയ്ക്കെതിരെ ലോക്പാല്‍ ഇന്ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു,” ദുബെ എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. അതിനോടുള്ള പ്രതികരണമായി അദാനി ഗ്രൂപ്പിന്റെ കല്‍ക്കരി കുംഭകോണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐ ആദ്യം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്ന് മൊയ്ത്ര പറഞ്ഞു.
”എന്നെ വിളിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള എന്റെ ഉത്തരം ഇതാ..അദാനിയുടെ 13,000 കോടി രൂപയുടെ കല്‍ക്കരി കുംഭകോണക്കേസില്‍ സിബിഐ ആദ്യം എഫ്‌ഐആര്‍ ഫയല്‍ ചെയ്യണമെന്നും അതിന് ശേഷംസിബിഐയ്ക്ക് എന്റെ മേല്‍ അന്വേഷണം നടത്താന്‍ സ്വാഗതമെന്നും ” മഹുവ എക്‌സില്‍ കുറിച്ചിരുന്നു