‘കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 15,000 രൂപ വാർഷിക ധനസഹായം’: ചത്തീസ്ഗഢ് മുഖ്യമന്ത്രി
സംസ്ഥാനത്ത് വീണ്ടും കോൺഗ്രസ് അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 15,000 രൂപ വീതം വാർഷിക ധനസഹായം നൽകുമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ‘ഛത്തീസ്ഗഢ് ഗൃഹ ലക്ഷ്മി യോജന’ പ്രകാരമായിരിക്കും പദ്ധതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കോൺഗ്രസിന്റെ പുതിയ വാഗ്ദാനം എത്തുന്നത്.
“ഇന്ന്, ദീപാവലി ആഘോഷിക്കുന്ന ഈ ശുഭ മുഹൂർത്തത്തിൽ, ലക്ഷ്മീദേവിയുടെയും ഛത്തീസ്ഗഡ് മഹ്താരിയുടെയും അനുഗ്രഹത്തോടെ, സ്ത്രീ ശാക്തീകരണത്തിനായി ഞങ്ങൾ ഒരു സുപ്രധാന തീരുമാനം എടുത്തിരിക്കുന്നു. ഛത്തീസ്ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയാൽ, സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും വാർഷിക ധനസഹായം നൽകും. ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജനയ്ക്ക് കീഴിൽ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 15,000 രൂപ എത്തിക്കാനാണ് പദ്ധതി”, ഭൂപേഷ് ബാഗേൽ ബാഗേൽ മാധ്യമങ്ങളോട് പറഞ്ഞു.
നവംബർ 5 ‘ഭാരോസേ കാ ഘോഷണ പത്ര 2023-28’ (Bharose ka Ghoshna Patra 2023-28) എന്ന പേരിൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ജാതി അടിസ്ഥാനത്തിലുള്ള സെൻസസ്, കർഷകരുടെ വായ്പകൾ എഴുതിത്തള്ളൽ, കെജി മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം, എല്ലാ സ്ത്രീകൾക്കും പാചക വാതക സിലിണ്ടറിന് 500 രൂപ സബ്‌സിഡി തുടങ്ങിയ കാര്യങ്ങളും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. നെല്ല് സംഭരണത്തിനായി കർഷകർക്ക് ക്വിന്റലിന് 3,200 രൂപ ലഭിക്കുമെന്നും വാഗ്ദാനമുണ്ട്. നിലവിൽ നെൽകർഷകർക്ക് രാജീവ് ഗാന്ധി ന്യായ് യോജന പ്രകാരം നൽകുന്ന ഇൻപുട്ട് സബ്‌സിഡിയും തുടരും. സംസ്ഥാനത്ത് കോൺഗ്രസ് അധികാരം നിലനിർത്തിയാൽ നിലവിലുള്ള എല്ലാ പദ്ധതികളും തുടരുമെന്നും ബാഗേൽ പറഞ്ഞു.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബർ 7 ന് നടന്നു. ബാക്കി 70 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കും. ഡിസംബർ 3 ന് തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കും.