ഏഴ് ദിവസത്തിനുള്ളിൽ പൊടിച്ചത് 26 ലക്ഷം രൂപ; മധ്യപ്രദേശിൽ ഡിജിറ്റൽ പ്രചാരണത്തില്‍ കോണ്‍ഗ്രസ് മുന്നില്‍, ബിജെപി തൊട്ടു പിന്നിൽ


മധ്യപ്രദേശില്‍ (Madhya Pradesh) നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം അവസാനിച്ചു. നവംബര്‍ 17നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, സമൂഹ മാധ്യമങ്ങളിലൂടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഡിജിറ്റല്‍ പ്രചാരണം തുടരുകയാണ്. ഫെയ്‌സ്ബുക്കിലൂടെയാണ് കോണ്‍ഗ്രസും ബിജെപിയുമടങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ താരതമ്യേന ചെലവേറിയ രാഷ്ട്രീയ പ്രചാരണം നടത്തുന്നത്.

പ്രചാരണത്തിന്റെ അവസാന ഏഴുദിവസങ്ങളില്‍ ഫെയ്‌സ്ബുക്ക് പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത് കോണ്‍ഗ്രസ് ആണ്. തെലങ്കാനയിലെയും മധ്യപ്രദേശിലെയും പ്രചാരണ ചെലവുകള്‍ കണക്കിലെടുക്കുമ്പോഴും കോണ്‍ഗ്രസാണ് മുന്നിലുള്ളത്. ഇതിന് തൊട്ടുപിന്നിലായി ബിജെപിയുണ്ട്.
എന്നാല്‍ കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയില്‍ ഫേസ്ബുക്കില്‍ ചെലവഴിച്ച വ്യക്തിഗത പരസ്യ പ്രചാരണത്തിനായുള്ള ചെലവിന്റെ പട്ടികയില്‍ ബിജെപിയാണ് മുന്നില്‍.

ഡിജിറ്റല്‍ ചെലവ്

തെരഞ്ഞടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലുമായി ഫെയ്‌സ്ബുക്ക് വഴിയുള്ള പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ ചെലവിട്ടത് കോണ്‍ഗ്രസാണ്. പാര്‍ട്ടിയുടെ തെലങ്കാന യൂണിറ്റ് 13.24 ലക്ഷം രൂപയും മധ്യപ്രദേശ് യൂണിറ്റ് 12.84 ലക്ഷം രൂപയുമാണ് തെരഞ്ഞെടുപ്പിന് വേണ്ടി ചെലവഴിച്ചത്. ഇവ രണ്ടും ചേര്‍ത്തുവയ്ക്കുമ്പോള്‍ ബിജെപിയേക്കാള്‍ കോണ്‍ഗ്രസ് മുന്നിലാണ്.
എന്നാൽ ബിജെപിയും ഒട്ടും മോശമല്ല. ഫെയ്‌സ്ബുക്ക് വഴിയുള്ള പ്രചാരണത്തിന് ഛത്തീസ്ഗഢിനും രാജസ്ഥാനിലുമായി കഴിഞ്ഞ ഏഴ് ദിവസത്തിനിടെ അവരും 26 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. ഛത്തീസ്ഗഢില്‍ മാത്രം പാര്‍ട്ടി 18.89 ലക്ഷം രൂപ ചെലവഴിച്ചു. രാജസ്ഥാനില്‍ ഏഴ് ലക്ഷം രൂപയും.

ഛത്തീസ്ഗഢില്‍ ബിജെപി 692 പരസ്യങ്ങളാണ് പ്രചാരണത്തിനായി ഉപയോഗിച്ചത്. മഹാദേവ് വാതുവെപ്പ് ആപ്പ് കുംഭകോണത്തില്‍ ഭൂപേഷ് ബാഗേല്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ കഠിനമായി ശ്രമിക്കുന്നതിനൊപ്പം ഏകദേശം 18.89 ലക്ഷം രൂപയാണ് ബിജെപിക്ക് ചെലവായത്. കോര്‍പ്പറേറ്റുകളെപ്പോലും പിന്തള്ളി കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ഫേസ്ബുക്ക് ഇന്ത്യയില്‍ നടത്തിയ ഏറ്റവും വലിയ പരസ്യച്ചെലവാണിത്.

ഇത്തരത്തിലുള്ള 38 പരസ്യങ്ങളാണ് കോണ്‍ഗ്രസ് കഴിഞ്ഞ ഏഴ് ദിവസത്തിനിടെ നല്‍കിയത്. തെലഹ്കാനയില്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ട് നടത്തിയ പ്രചാരണങ്ങള്‍ക്കായി 13.24 ലക്ഷം രൂപയാണ് ചെലവായത്. മധ്യപ്രദേശില്‍ 232 പരസ്യങ്ങളാണ് കോണ്‍ഗ്രസ് നല്‍കിയത്. ശിവരാജ് സിങ് ചൗഹാനെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഈ പരസ്യങ്ങള്‍ക്കായി 12.84 ലക്ഷം രൂപയാണ് ചെലവായത്. ‘എംപി കെ മാന്‍ മെയിന്‍ മോദി’, ‘കറപ്ഷന്‍നാഥ്’ എന്നിങ്ങനെയുള്ള വ്യക്തിഗത രാഷ്ട്രീയ പ്രചാരണങ്ങളാണ് മധ്യപ്രദേശിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ട് ഫേസ്ബുക്കില്‍ കൂടുതലായി കണ്ടുവരുന്നത്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഫേസ്ബുക്ക് ഇന്ത്യയില്‍ പരസ്യത്തിനായി ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ച പത്തുപേരില്‍ നാലാം സ്ഥാനത്തെത്തിയ ആദ്യത്തെ കോര്‍പ്പറേറ്റ് ഭീമൻ ഷെല്‍ ഇക്കോ മാരത്തണ്‍ ആണ്. സ്റ്റീല്‍ ഉല്‍പ്പാദന സ്ഥാപനമായ ഗോയല്‍ ടിഎംടി ഇതിന് തൊട്ടുപിറകില്‍ അഞ്ചാം സ്ഥാനത്തുണ്ട്.