ഒരു ലക്ഷത്തിലെറെപ്പേര്‍ ഭഗവദ് ഗീത പാരായണം ചെയ്യുന്ന ചടങ്ങില്‍ നരേന്ദ്രമോദിയും? പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ചെന്ന് സംഘാടകർ
ന്യൂഡല്‍ഹി: ഒരുലക്ഷത്തിലെറെപ്പേര്‍ ഭഗവദ് ഗീത പാരായണം ചെയ്യുന്ന കൊല്‍ക്കത്തയിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബറിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പശ്ചിമബംഗാളിലെ ബിജെപി അധ്യക്ഷന്‍ സുഖന്ദ മജൂംദാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
”ഡിസംബര്‍ 24നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് ‘ഏക് ലാക് ഗീതാ പാത്ത്'(ek lakh gita path) നടക്കുക,” അദ്ദേഹം പറഞ്ഞു.
” പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു. ഒരു ലക്ഷം പേരാണ് പരിപാടിയില്‍ ഗീതാ പാരായണം നടത്തുക,” അദ്ദേഹം പറഞ്ഞു.
Also read-ഹലാൽ ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി യു പി സർക്കാർ
ഇതൊരു രാഷ്ട്രീയേതര പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഗവര്‍ണര്‍ സിവി ആനന്ദ മോഹന്‍ ബോസ്, സംസ്ഥാനത്തെ മറ്റ് പ്രമുഖ വ്യക്തികള്‍ എന്നിവരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മജൂംദാര്‍ പറഞ്ഞു.
പരിപാടിയ്ക്ക് ബിജെപിയുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 2024 ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മെനഞ്ഞ പരിപാടിയാണിതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു.
”ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ട് തന്നെ ഇനി ബിജെപി നേതാക്കള്‍ ഇവിടേക്ക് വന്നുകൊണ്ടിരിക്കും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തും ഇത് ഞങ്ങള്‍ കണ്ടതാണ്. എന്നാല്‍ ഇതൊന്നും കൊണ്ട് യാതൊരു നേട്ടവും ബിജെപിയ്ക്കുണ്ടാകാന്‍ പോകുന്നില്ല,” തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
ആകെ 42 ലോക്‌സഭാ സീറ്റുകളാണ് പശ്ചിമബംഗാളിലുള്ളത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളാണ് ബിജെപിയ്ക്ക് പശ്ചിമബംഗാളില്‍ നിന്ന് ലഭിച്ചത്. 22 സീറ്റുകളിലും വിജയക്കൊടി പാറിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ് ആയിരുന്നു. കോണ്‍ഗ്രസിന് വെറും 2 സീറ്റുകളാണ് ലഭിച്ചത്.