നാഷണൽ ഹെറാൾഡ് കേസിൽ 751.9 കോടിയുടെ സ്വത്തുകൾ ഇഡി കണ്ടുകെട്ടി


നാഷണൽ ഹെറാൾഡ് കേസിൽ 751.9 കോടിയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇഡി. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും പ്രതികളായ കേസിലാണ് നടപടി.അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യന്റെയും 661.69 കോടിയുടെ സ്വത്തുകളും 90.21 കോടിയുടെ ഇക്വിറ്റി ഷെയറുകളിലെ നിക്ഷേപവുമാണ് കണ്ടുകെട്ടിയത്.

ഡൽഹി, മുംബൈ, ലഖ്‌നൗ തുടങ്ങി ഇന്ത്യയിലെ പല നഗരങ്ങളിലുമുള്ള സ്വത്തുവകകൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. എന്നാൽ തെരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ള നീക്കമാണിതെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോൺഗ്രസ് മുന്നേറ്റം തടയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

2014ലാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്. കേസില്‍ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, അന്തരിച്ച മോത്തിലാല്‍ വോറ, സാം പിട്രോഡ എന്നിവര്‍ക്ക് എതിരെ 2012ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കേസ് ഫയല്‍ ചെയ്തത്. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായിരുന്ന, കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ദി അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്- എജെഎൽ എന്ന കമ്പനിയെ യങ് ഇന്ത്യൻ ലിമിറ്റഡ് എന്ന കമ്പനി വഴി തട്ടിയെടുത്തെന്നാണ് ആരോപണം.