മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തി; എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് DGCA


യാത്രക്കാർക്കു നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾ നൽകാത്തതിലും നഷ്ടപരിഹാര നിയമങ്ങൾ പാലിക്കാത്തതിലും എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഡൽഹി, കൊച്ചി, ബാംഗ്ലൂർ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.സി.എയുടെ നടപടി. സിവിൽ ഏവിയേഷൻ റിക്വയർമെന്റ് ( Civil Aviation Requirement (CAR)) വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നവംബർ മൂന്നിന് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

എയർ ഇന്ത്യയുടെ മറുപടിയുടെ അടിസ്ഥാനത്തിലാണ് പിഴ ചുമത്താനുള്ള തീരുമാനം എടുത്തതെന്നും ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ വ്യക്തമാക്കി. വിമാനങ്ങൾ വൈകുന്ന വേളയിൽ യാത്രക്കാർക്ക് ഹോട്ടൽ താമസസൗകര്യങ്ങൾ ഏർപ്പെടുത്തിയില്ല, ഗ്രൗണ്ട് സ്റ്റാഫുകൾക്ക് നിബന്ധനകൾക്കനുസൃതമായി പരിശീലനം നൽകിയില്ല , ഇന്റർനാഷണൽ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് കൃത്യമായി സേവനം നൽകാത്തതിൽ നഷ്ടപരിഹാരം നൽകിയില്ല തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് എയർ ഇന്ത്യക്ക് പിഴ ചുമത്തിയത്. ഇക്കാര്യങ്ങളിലെല്ലാം വീഴ്ചവരുത്തി എന്ന് ഡി.ജി.സി.എയ്ക്ക് നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കാനാണ് തീരുമാനം.

നേരത്തെ വനിതാ സുഹൃത്തിനെ വിമാനയാത്രയ്ക്കിടെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തിലും ഡി.ജി.സി.എ എയർ ഇന്ത്യക്ക് പിഴ ചുമത്തിയിരുന്നു. സുരക്ഷാ പ്രശ്നം പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തി എന്ന് കാണിച്ച് 30 ലക്ഷം രൂപ ആണ് എയര്‍ ഇന്ത്യക്ക് പിഴയിട്ടത്. സംഭവത്തെ തുടർന്ന് എയര്‍ ഇന്ത്യ പൈലറ്റിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ വർഷം ഫെബ്രുവരിയിൽ ആയിരുന്നു സംഭവം.

Aloso Read- പുത്തൻ രൂപഭാവങ്ങളിൽ എയർ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി; മാറ്റം എന്തിന്?

ദുബായില്‍ നിന്ന് വിമാനം പറന്നുയര്‍ന്ന ഉടനെ പൈലറ്റ് വിമാനത്തിലെ യാത്രക്കാരിയായിരുന്ന പെണ്‍സുഹൃത്തിനെ കോക്പിറ്റിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് യാത്ര അവസാനിക്കുന്നത് വരെ ഏകദേശം മൂന്നു മണിക്കുര്‍ പെണ്‍സുഹൃത്ത് പൈലറ്റിനൊപ്പം കോക്പിറ്റില്‍ ഉണ്ടായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. വിമാനത്തിലെ മറ്റ് ക്ര്യൂ അംഗങ്ങൾ തന്നെ ആണ് ഇതു സംബന്ധിച്ച്‌ ഡി.ജി.സി.എക്ക് പരാതി നല്‍കിയത്. വിഷയത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുകയും എല്ലാകാര്യങ്ങളും വിശദമായി പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.