പ്രധാനമന്ത്രിക്കെതിരായ ‘ദുശ്ശകുനം’ പരാമർശം; രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബി.ജെ.പി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാജസ്ഥാനിലെ ബാർമറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ​ങ്കെടുത്ത് നടത്തിയ പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നൽകിയത്.

പ്രധാനമന്ത്രിയെ ‘ദുശ്ശകുന’മെന്നും ‘പോക്കറ്റടിക്കാരൻ’ എന്നു പരാമർശിക്കുന്ന പ്രസംഗത്തിനെതിരെയാണ് ബിജെപി പരാതി നൽകിയത്. രാഹുലിന്റെ പ്രസംഗം പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നാണ് ബിജെപി നിലപാട്.

‘‘നമ്മുടെ ടീം ഇത്തവണ ലോകകപ്പ് നേടേണ്ടതായിരുന്നു. പക്ഷേ, ദുശ്ശകുനം എത്തിയതോടെ ടീം തോറ്റു. ടെലിവിഷനിൽ ചാനലുകൾ അക്കാര്യം കാണിക്കില്ലായിരിക്കാം. പക്ഷേ, ഈ രാജ്യത്തെ ജനത്തിന് എല്ലാം അറിയാം”- രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന്റെ വിഡിയോ കോൺഗ്രസ് എക്സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു.

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരനുമായി താരതമ്യം ചെയ്തുവെന്നും ഇന്ത്യയിലെ മുതിർന്ന നേതാവിനെ മോശം മനുഷ്യനായി ചിത്രീകരിച്ചു​വെന്നും ബിജെപിയുടെ പരാതിയിൽ പറയുന്നു. നവംബർ 25ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ഹാജരാവാനാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.

പോക്കറ്റടിക്കാരൻ ഒറ്റക്ക് വരില്ലെന്നായിരുന്നു രാജസ്ഥാനിലെ റാലിയിൽ രാഹുൽ ഗാന്ധിയുടെ പരാമർശം. ഒരാൾ മുമ്പിൽ നിന്ന് വരുമ്പോൾ ഒരാൾ പിന്നിൽ നിന്നും മറ്റൊരാൾ ദൂരെ നിന്നും വരും. പ്രധാനമന്ത്രി ഹിന്ദു-മുസ്‍ലിം, നോട്ട് നിരോധനം, ജിഎസ്ടി എന്നിവ പറഞ്ഞത് പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കും. ഈ സമയത്ത് അദാനി പിന്നിലൂടെയെത്തി പണം കൊള്ളയടിക്കുമെന്നും രാഹുൽ പറഞ്ഞിരുന്നു.

ഒരാളെ പോക്കറ്റടിക്കാരൻ എന്ന് വിളിച്ചതിലൂടെ കേവലം വ്യക്തിപരമായ ആക്രമണം മാത്രമല്ല രാഹുൽ ഗാന്ധി നടത്തിയിരിക്കുന്നത്. ഇതിനൊപ്പം നരേ​ന്ദ്ര മോദിയെ വ്യക്തിഹത്യ നടത്തുകയും കൂടി കോൺഗ്രസ് നേതാവ് ചെയ്തിരിക്കുകയാണെന്ന് ബിജെപി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.


Summary: Election Commission issued a notice to Congress leader Rahul Gandhi for calling Prime Minister Narendra Modi “panauti” (unlucky) and “jaibkatra” (pickpocket).