ഡീപ്‌ഫേക്കുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങൾ ഉടന്‍ തയ്യാറാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച അറിയിച്ചു. ഡീപ്‌ഫേക്കുകളുടെ വിഷയത്തില്‍ ചര്‍ച്ച നടത്തുന്നിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് യോഗം വിളിച്ചിരുന്നു. എഐ ഉപയോഗിക്കുന്ന മുന്‍നിരയിലുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെയും കമ്പനികളുടെയും യോഗം നടത്തിയതായി കേന്ദ്രമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാല് കാര്യങ്ങളില്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1. തിരിച്ചറിയുക (Detection)
2. വ്യാപനം തടയുക ( prevent the spread)
3. റിപ്പോര്‍ട്ട് ചെയ്യുന്നത് ശക്തിപ്പെടുത്തുക (strengthen the reporting)
4. അവബോധം വളര്‍ത്തുക(Awareness)
സാങ്കേതികവിദ്യയുടെ ദുരുപയോഗം സംബന്ധിച്ച് ആശങ്ക ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ യോഗം വിളിച്ചിരിക്കുന്നത്. ”നിയന്ത്രണങ്ങള്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ക്ക് ഇന്ന് തന്നെ തുടക്കം കുറിക്കും. അടുത്തയോഗം ഡിസംബര്‍ ഒന്നിനാണ് നടക്കുക. ഇന്ന് ചര്‍ച്ച ചെയ്ത കാര്യങ്ങളുടെ കരട് രൂപവും തുടര്‍നടപടികളും അന്ന് ചര്‍ച്ച ചെയ്യും. ഡീപ് ഫേക്കുകള്‍ തിരിച്ചറിയുന്നത് മുതല്‍ അവബോധം വളര്‍ത്തുന്നത് വരെയുള്ള നാല് കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. അവയില്‍ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്” കേന്ദ്രമന്ത്രി പറഞ്ഞു.
ഡീപ് ഫേക്ക് വീഡിയോകൾ എങ്ങനെ തിരിച്ചറിയാം?
നിലവിലുള്ള ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്ന രീതിയിലോ പുതിയ നിയമത്തിന്റെ രൂപത്തിലോ ആയിരിക്കും നിയന്ത്രണങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡീപ്‌ഫേക്കുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ത്ഥത്തിലുള്ളതും അല്ലാത്തവയും തിരിച്ചറിയാന്‍ ഉപയോക്താക്കള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രശ്മികയ്ക്ക് പിന്നാലെ കത്രീന കെയ്ഫും; താരത്തിന്‍റെ ഡീപ്ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍
ഏറെക്കാലമായി ഡീപ്‌ഫേക്കുകള്‍ ഇന്റര്‍നെറ്റില്‍ സജീവമാണെങ്കിലും അടുത്തിടെ നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിച്ചതാണ് വേഗത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. മറ്റൊരു സ്ത്രീയുടെ വീഡിയോയില്‍ രശ്മിക മന്ദാനയുടെ മുഖം കൂട്ടിച്ചേര്‍ത്താണ് ഡീപ്‌ഫേക്ക് വീഡിയോ നിര്‍മിച്ചത്. ബ്രിട്ടീഷുകാരിയായ ഇന്ത്യന്‍ വംശജ സാറ പട്ടേലിന്റെ വീഡിയോയായിരുന്നു അത്. ഇത് മോര്‍ഫ് ചെയ്ത് രശ്മിക മന്ദാനയുടേതെന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്യുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ദൃശ്യങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് സമൂഹമാധ്യമ സ്ഥാപനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. രശ്മിക മന്ദാനയ്ക്ക് പുറമെ നടിമാരായ കത്രീന കൈഫ്, കജോള്‍ എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകളും പുറത്തുവന്നിരുന്നു.
രശ്മിക മന്ദാനക്കും കത്രീന കൈഫിനും പിന്നാലെ കജോൾ; ഡീപ് ഫേക്ക് വീഡിയോകളെ പ്രതിരോധിക്കേണ്ടതെങ്ങനെ?
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സിന്റെ സഹായത്തോടെ കൃത്രിമ വീഡിയോകള്‍ നിര്‍മിക്കുന്ന രീതിയാണിത്. മറ്റ് വീഡിയോകളോ ചിത്രങ്ങളോ ഉപയോഗിച്ച് വേറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോകളും നിര്‍മിക്കുന്നതാണ് ഡീപ് ഫേക്ക്. ഒരു വ്യക്തിയുടെ വീഡിയോകളോ ഓഡിയോ റെക്കോര്‍ഡിങുകളോ സൃഷ്ടിക്കാനോ മാറ്റിമറിയ്ക്കാനോ മെഷീന്‍ ലേണിംഗ് ഉപയോഗിക്കുന്ന ഒരു തരം സാങ്കേതിക വിദ്യയാണിത്.