ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന അപൂർവം ക്ഷേത്രങ്ങളില്‍ ഒന്ന്, ചിത്രം പകർത്തിയാൽ…


ഓരോ ദിവസവും ഓരോ അലങ്കാരങ്ങളില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്ന അപൂർവം ക്ഷേത്രങ്ങളില്‍ ഒന്നാണ് തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ അഷ്ടാംശ വരദ ആഞ്ജനേയർ ക്ഷേത്രം. ഹനുമാന്‍ പ്രതിഷ്ടയുള്ള ഇവിടുത്തെ ഏറ്റവും വലിയ സവിശേഷതയും ഇത് തന്നെയാണ്. ഒരിക്കല്‍ സ്വാമിയെ അലങ്കരിച്ച പോലെ പിന്നീടൊരിക്കല്‍ കാണാന്‍ സാധിക്കില്ല.കോയമ്പത്തൂര്‍ നഗരത്തിന്റെ ഒത്ത നടുക്കായി പീളമേട് ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ഹനുമാന്‍ സ്വാമിയുടെ വലത്തെ തൃ കൈയില്‍ ലക്ഷ്മീദേവി കുടികൊള്ളുന്നുണ്ട് എന്നാണ് വിശ്വാസം..

വെണ്ണയ്കാപ്പ് അലങ്കാരം , രാജമാരുതി അലങ്കാരം , പുഷ്പാലങ്കാരം , വടമാലയ് അലങ്കാരം എന്നിങ്ങനെ വിവിധതരത്തിലാണ് ഇവിടെ അലങ്കാരങ്ങള്‍. ഒരു കൊച്ചു കുട്ടിയെ എങ്ങനെയാണോ ഒരുക്കുക അതിനു സമാനമായാണ് ഇവിടെ സ്വാമിയെ പൂജാരികള്‍ ദിവസവും അണിയിച്ചൊരുക്കുക.. ഒരിക്കല്‍ കണ്ട അലങ്കാരത്തില്‍ പിന്നീടു സ്വാമിയേ ദര്‍ശിക്കാന്‍ സാധിക്കില്ല . ഈ ഒരുക്കങ്ങള്‍ കാണാന്‍ തന്നെ അതിരാവിലെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ എത്താറുണ്ട്.മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത വണ്ണം പ്രതിഷ്ടയുടെ ചിത്രം ഫോണില്‍ പകര്‍ത്താന്‍ ഇവിടെ ഭക്തര്‍ക്ക്‌ അനുമതിയുണ്ട്‌.

ഈ ചിത്രം പകര്‍ത്തുന്നത് തന്നെ ഭാഗ്യമായാണ് കരുതപ്പെടുന്നത്. സാളഗ്രാമത്തിലാണ് ഹനുമാന്‍ സ്വാമിയേ നിര്‍മ്മിച്ചിരിക്കുന്നത്.ഔഷധസസ്യങ്ങളാല്‍ സമ്പന്നമായ സജ്ജീവനി പർവതം ചുമന്നു കൊണ്ട് വന്ന സ്വാമിയെ പ്രാർഥിക്കുന്നത് ശാരീരിക മാനസികരോഗപീഡകളില്‍ നിന്നും മോചനം നല്‍കുമെന്നാണ് വിശ്വാസം. ഇവിടെ ഹനുമാന്‍ സ്വാമിയുടെ കാലുകള്‍ രണ്ടും തെക്കോട്ടാണ്. ഭക്തരെ മരണഭയത്തില്‍ നിന്നും രക്ഷിച്ചു അവര്‍ക്ക് ദീർഘായുസ്സ് പ്രദാനം ചെയ്യുന്നു എന്നാണ് ഐതിഹ്യം. ധനഭാഗ്യം നല്‍കുന്ന കുബേരന്റെ ദിക്കായ വടക്കോട്ട്‌ വാല്‍ കാണുന്ന തരത്തിലാണ് ഇവിടെ ഹനുമാന്‍ സ്വാമിയുള്ളത്.

സ്വാമിയേ ആരാധിച്ചാല്‍ ഭക്തര്‍ക്ക് സർവധനസൗഭാഗ്യങ്ങളും ഇത് വഴി നേടാം എന്നാണ് വിശ്വാസം. ഭക്തരുടെ അഭ്യര്‍ഥന മാനിച്ചു ഓരോ ആഴ്ചയും ക്ഷേത്രത്തിന്റെ ബ്ലോഗില്‍ ആ ആഴ്ചയിലെ സ്വാമിയുടെ അലങ്കാരചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഇത് വലിയൊരു അനുഗ്രഹമാണ്.ശനി, വ്യാഴം ദിവസങ്ങള്‍ ആണ് ഇവിടെ ഏറ്റവും വിശേഷനാളുകള്‍. രാവിലെ 7.30 മുതല്‍ 12 വരെയും വൈകിട്ട് 5.30 മുതല്‍ 9 വരെയും ക്ഷേത്രത്തില്‍ പ്രവേശിക്കാം..