രാജ്യത്തെ കർഷകർക്ക് വീണ്ടും കേന്ദ്രത്തിന്റെ കൈത്താങ്ങ്! പി.എം കിസാൻ യോജനയുടെ ആനുകൂല്യത്തുക ഉടൻ വർദ്ധിപ്പിക്കും


രാജ്യത്തെ ചെറുകിട കർഷകർക്ക് വരുമാന പിന്തുണ ഉറപ്പുവരുത്തുന്ന പി.എം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യത്തുക കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ, പ്രതിവർഷം കർഷകർക്ക് 6000 രൂപയാണ് വിതരണം ചെയ്യുന്നത്. ഈ തുക 7500 രൂപയായി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയ തുക 60,000 കോടി രൂപയിൽ നിന്നും ഒരു ലക്ഷം കോടി രൂപയാക്കി ഉയർത്തുന്നതാണ്.

പ്രതിവർഷം 2000 രൂപയുടെ 3 ഗഡുക്കളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ പണം നേരിട്ട് നൽകുന്നത്. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട ഇടത്തരം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. അടുത്ത ഗഡു ഡിസംബർ-മാർച്ച് മാസത്തിലെ ഹോളി ആഘോഷത്തിന് മുൻപായി വിതരണം ചെയ്യുന്നതാണ്. 2018 ലാണ് പി.എം കിസാൻ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഗുണഭോക്താക്കളാണ് ഉള്ളത്.

രാജ്യത്തെ കർഷകർക്ക് വരുമാന പിന്തുണ നൽകുന്നതിനുള്ള പദ്ധതിയാണ് പി.എം കിസാനെങ്കിലും, പല സംസ്ഥാനങ്ങളിലും കർഷകരെ മറയാക്കി ഇടനിലക്കാരും ഉദ്യോഗസ്ഥരും പണം കൈപ്പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ മാത്രം മുപ്പതിനായിരത്തിലേറെ അനർഹരാണ് പി.എം കിസാൻ പദ്ധതി വഴി പണം കൈപ്പറ്റുന്നത്. ഇവരിൽ നിന്ന് തുക തിരികെ പിടിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.