വന്ദേ ഭാരതടക്കം റദ്ദാക്കി: നാല് ജില്ലകളിൽ ഇന്നും പൊതുഅവധി, മിഷോങ് ചുഴലിക്കാറ്റിനെ നേരിടാൻ പൂർണ സജ്ജമെന്ന് തമിഴ്നാട്


ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ , തിരുവള്ളൂർ , കാഞ്ചീപുരം , ചെങ്കൽപ്പേട്ട് ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഷോങ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് പ്രവചനം. 110 കിലോമീറ്റർ വേ​ഗതയിലാകും കര തൊടുമ്പോൾ കാറ്റിന്റെ വേ​ഗം.

തീവ്ര ചുഴലിക്കാറ്റിനെ നേരിടാൻ എല്ലാ തരത്തിലുമുള്ള മുൻകരുതലുകളും സ്വീകരിച്ചതായി തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ഇതിൻറെ ഭാഗമായി വന്ദേ ഭാരത് അടക്കം കൂടുതൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. വന്ദേഭാരത് അടക്കം 6 ട്രെയിനുകൾ കൂടിയാണ് ഇന്ന് റദ്ദാക്കിയത്. ഇക്കൂട്ടത്തിൽ ചെന്നൈ – കൊല്ലം ട്രെയിനുമുണ്ട്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയിൽ മുന്നറിയിപ്പ്.

ചെന്നൈയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന അതിതീവ്രമഴയെ തുടർന്ന് ചെന്നൈ എയർ പോർട്ടടക്കം അടച്ചിട്ടുണ്ട്. ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ചെന്നൈ വിമാനത്താവളം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി വരെ അടച്ചിടാൻ തീരുമാനിച്ചത്. നിലവിൽ 33 വിമാനങ്ങൾ ബംഗളൂരിവിലേക്ക് വഴിതിരിച്ചുവിട്ടിട്ടുണ്ട്.

മിഷോങ് ചുഴലിക്കാറ്റ് , തമിഴ്നാട് തീരത്ത് നിന്ന് വടക്കോട്ട് നീങ്ങാൻ പ്രതീക്ഷിച്ചതിലും അധികം സമയം എടുത്തതാണ് ചെന്നൈക്ക് തിരിച്ചടിയായത്. രാവിലെ എട്ടരയോടെ തീവ്ര ചുഴലിക്കാറ്റായി മാറിയ മിഗ്ചോമ് ആന്ധ്രയിലെ ശ്രീഹരിക്കോട്ട ഭാഗത്തേക്ക് വേഗം നീങ്ങുമെന്ന പ്രതീക്ഷ യാഥാർത്ഥ്യമായില്ല. തമിഴ്നാട് തീരത്ത് നിന്ന് അകലെയല്ലാതെ കാറ്റ് തുടർന്നതോടെ ചെന്നൈയിൽ മഴ കനത്തു. ആയിരത്തോളം മോട്ടോർ പമ്പുകൾ ചെന്നൈ കോർപ്പറേഷൻ സജീകരിച്ചെങ്കിലുംഇടവേളയില്ലാതെ മഴ തുടർന്നതോടെ കാര്യങ്ങൾ സങ്കീർണ്ണമാകുകയായിരുന്നു.

മുൻകരുതലിൻറെ ഭാഗമായി രാവിലെ തന്നെ ചെന്നൈയിലെ വിവിധ മേഖലകളിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. ജലസംഭരണികൾ നിറഞ്ഞുതുടങ്ങിയതോടെ അഡയാറിലെയും താഴ്നന്ന പ്രദേശങ്ങളിലെയും ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. ചെന്നൈയിൽ മാത്രം 162 ക്യാംപുകളാണ് തുറന്നത്. കരസേനയുടെ മദ്രാസ് യൂണിറ്റിലെ 120 സൈനികരും ദേശീയ ദുരന്ത നിവാരണ സേനയുടെ പത്തിലധികം സംഘങ്ങളും രക്ഷാ പ്രവർത്തനത്തിൽ സജീവമായി. വീടുകളിൽ കുടുങ്ങിയ പലർക്കും ബോട്ടുകളിൽ എത്തിയ സൈനികരുടെ രക്ഷാപ്രവർത്തനം ആശ്വാസമായി.