അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കണമെന്ന ഹര്‍ജി: കേന്ദ്രസര്‍ക്കാരിനോട് പ്രതികരണം തേടി സുപ്രീംകോടതി


ഡല്‍ഹി: അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി. ഗര്‍ഭധാരണത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നും വിടവുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ച് അഭിഭാഷകയായ നീഹാ നാഗ്പാലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

നിലവിലെ വാടക ഗര്‍ഭധാരണ നിയമങ്ങളില്‍ വലിയ വിടവുകളുണ്ടെന്ന് ഹര്‍ജിക്കാരി കോടതിയില്‍ വ്യക്തമാക്കി. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 14ന്റെ ലംഘനമാണിത്. 2021 ലെ വാടക ഗര്‍ഭധാരണ നിയമത്തിലെ സെക്ഷന്‍ 2(1) പ്രകാരം വിവാഹമോചിതരായവര്‍ക്കോ ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്കോ വാടക ഗര്‍ഭധാരണത്തിന്റെ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍, അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം തടയുന്നു.

‘അപകടകാരികളായ’ നായ ഇനങ്ങളെ നിരോധിക്കണം: ഉടൻ തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം

വിവാഹത്തില്‍ പ്രവേശിക്കാതെ തന്നെ മാതൃത്വത്തിനു അവകാശമുണ്ടെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കിര്‍പാല്‍ വാദിച്ചു. സ്വകാര്യ ജീവിതത്തില്‍ ഭരണകൂടത്തിന്റെ ഇടപെടല്‍ കൂടാതെ, വാടക ഗര്‍ഭധാരണം നേടാനും മാതൃത്വം അനുഭവിക്കാനുമുള്ള അവകാശം ഉറപ്പാക്കണമെന്നും സൗരഭ് കിര്‍പാല്‍ വാദിച്ചു.

അവിവാഹിതരായ സ്ത്രീകള്‍ വാടക ഗര്‍ഭധാരണം തെരഞ്ഞെടുക്കുന്നത് വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വാദിച്ചു. പുനരുല്‍പ്പാദനത്തിനുള്ള അവകാശം, അര്‍ത്ഥവത്തായ കുടുംബജീവിതത്തിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം എന്നിവയെല്ലാം ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള മൗലികാവകാശങ്ങളാണെന്നും ഹര്‍ജിയില്‍ പറയുന്നു.