ചൈനയിലെ അപകടകാരിയായ ന്യൂമോണിയ ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന വാർത്ത വസ്തുതാ വിരുദ്ധം: റിപ്പോർട്ട് തള്ളി കേന്ദ്രസർക്കാർ


ചൈനയിൽ കുട്ടികളിലടക്കം അതിവേഗത്തിൽ പടർന്നുപിടിക്കുന്ന അപകടകാരിയായ ന്യൂമോണിയ ഇന്ത്യയിൽ സ്ഥിരീകരിച്ചെന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് കേന്ദ്രസർക്കാർ. ഇതോടെ, ഇന്ത്യയിലും ന്യൂമോണിയ സ്ഥിരീകരിച്ചെന്ന വ്യാജ റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. ഡൽഹി എയിംസിൽ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഏഴ് പേർക്ക് ന്യൂമോണിയ സ്ഥിരീകരിച്ചതായി വിദേശ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാറിന്റെ ഔദ്യോഗിക മറുപടി.

രാജ്യത്ത് സാധാരണയായി മൈകോപ്ലാസ്മ ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ, ചൈനയിൽ രൂപം കൊണ്ട ന്യൂമോണിയ ഇന്ത്യയിലെ ഒരാൾക്ക് പോലും ഇതുവരെ ബാധിച്ചിട്ടില്ല. നിരീക്ഷണത്തിന്റെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ചിരുന്നെങ്കിലും, മുഴുവൻ സ്ഥലങ്ങളും നെഗറ്റീവായിരുന്നു. ഈ കേസുകൾക്ക് ചൈനയിലെ രോഗ വ്യാപനവുമായി യാതൊരു ബന്ധമില്ലെന്നും, കർശന നിരീക്ഷണം തുടരുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കുട്ടികളിൽ അതിവേഗം പടർന്നുപിടിക്കുന്ന ന്യൂമോണിയെ കുറിച്ച് ലോകരാജ്യങ്ങൾ ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കൻ ചൈനയാണ് ഈ രോഗത്തിന്റെ ആദ്യ ഉറവിടം. കുട്ടികളെ ന്യൂമോണിയ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളതിനാൽ, രോഗ വ്യാപനമുള്ള പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വാസം മുട്ടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.