മണിക്കൂറുകളുടെ വ്യത്യാസത്തിൽ തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം: ആളപായമില്ല


തമിഴ്നാട്ടിൽ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. തമിഴ്നാട്ടിലെ ചെങ്കൽപേട്ടിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂമിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ താഴ്ച്ചയിലാണ് പ്രഭവ കേന്ദ്രം. ഇന്ന് രാവിലെ 7:40 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിൽ ആളപായമോ, നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

തമിഴ്നാടിന് പുറമേ, കർണാടകയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. കർണാടകയിലെ വിജയപുരയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. വിജയപുര മേഖലയിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. രാവിലെ 6:52-നാണ് കർണാടകയിൽ ഭൂചലനം ഉണ്ടായിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടിട്ടുണ്ട് രണ്ട് സംസ്ഥാനങ്ങളിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടെങ്കിലും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.