ബഹിരാകാശത്തെ ഊർജ്ജ ഉറവകൾ തേടി ഇന്ത്യ, എക്സ്പോസാറ്റ് ഈ മാസം വിക്ഷേപിക്കും


തിരുവനന്തപുരം: ബഹിരാകാശത്തെ ഊർജ്ജ ഉറവകളുടെ ചുരുളഴിക്കാൻ പുതിയ പേടകവുമായി ഇന്ത്യ എത്തുന്നു. ഊർജ്ജ ഉറവകൾ തേടിയുളള എക്സ്പോസാറ്റ് എന്ന ശാസ്ത്ര ഉപഗ്രഹമാണ് ഇന്ത്യ വിക്ഷേപിക്കുക. ഈ മാസം 28ന് ഈ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിച്ചുയരും. ചന്ദ്രയാൻ, ആദിത്യ എന്നീ ദൗത്യങ്ങൾ വിജയിപ്പിച്ച ശേഷമാണ് ഐഎസ്ആർഒയുടെ പുതിയ ദൗത്യം. ഈ വർഷത്തെ അവസാനത്തെ വിക്ഷേപണം കൂടിയാണ് എക്സ്പോസാറ്റ്. സൂപ്പർ നോവ, ബ്ലാക്ക് ഹോൾ, പൾസാറുകൾ തുടങ്ങി ആകാശത്ത് തിളങ്ങുന്ന അൻപതോളം ഊർജ്ജ ഉറവകൾ, കോസ്മിക്സ് എക്സ്-റേ തുടങ്ങിയവയെ കുറിച്ചാണ് ഈ സാറ്റലൈറ്റ് പ്രധാനമായും പഠനങ്ങൾ നടത്തുക.

രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, യുആർ റാവു സാറ്റലൈറ്റ് സെന്റർ എന്നിവ സംയുക്തമായാണ് പദ്ധതിക്ക് രൂപം നൽകിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി റോക്കറ്റിലാണ് എക്സ്പോസാറ്റിന്റെ വിക്ഷേപണം. വിക്ഷേപണ സമയം പിന്നീട് പ്രഖ്യാപിക്കുന്നതാണ്. 480 കിലോഗ്രാം ഭാരമുള്ള പേടകത്തെ ഭൂമിയുടെ 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിക്കുക. അഞ്ച് വർഷമാണ് കാലാവധി. ഇതിനു മുൻപ് ഈ മേഖലയിലേക്ക് അമേരിക്ക മാത്രമാണ് ഇത്തരമൊരു ഉപഗ്രഹം അയച്ചത്. ഇമേജിംഗ് എക്സറേ പോളാരിമെട്രി എക്സ്പ്ലോറർ ആണ് നാസ വിക്ഷേപിച്ചത്. 2021 ഡിസംബർ ഒന്നാം തീയതിയാണ് പോളാരിമെട്രി എക്സ്പ്ലോറർ ബഹിരാകാശത്തേക്ക് കുതിച്ചുയർന്നത്.