അഭിമാന മുഹൂർത്തം! ആദിത്യ എൽ-1 പകർത്തിയ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പങ്കുവെച്ച് ഐഎസ്ആർഒ


ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ എൽ-1 വിജയക്കുതിപ്പിലേക്ക്. ഇത്തവണ സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തിയാണ് ആദിത്യ എൽ-1 ശാസ്ത്ര ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. സൂര്യനിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ ഐഎസ്ആർഒ പങ്കുവെച്ചിട്ടുണ്ട്. പേടകത്തിലെ അൾട്രാവയലറ്റ് ഇമേജിംഗ് ടെലസ്കോപ്പായ SUIT എന്ന പേലോഡ് ഉപയോഗിച്ചാണ് ആദിത്യ എൽ-1 സൂര്യന്റെ ഫുൾ ഡിസ്ക് ചിത്രങ്ങൾ പകർത്തിയത്. ഇൻസ്റ്റഗ്രാം, എക്സ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഐഎസ്ആർഒ ചിത്രങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടത്.

200-400 നാനോമീറ്റർ തരംഗ ദൈർഘ്യത്തിലാണ് SUIT എന്ന ഉപകരണം സൂര്യന്റെ ഫോട്ടോസ്ഫിയറിന്റെയും ക്രോമോസ്ഫിയറിന്റെയും ചിത്രങ്ങൾ വിവിധ ഫിൽറ്ററുകൾ ക്രമീകരിച്ച് പകർത്തിയിരിക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ഐഎസ്ആർഒ ആദിത്യ എൽ-1 വിക്ഷേപിച്ചത്. സൂര്യനെ കുറിച്ചുള്ള കൂടുതൽ പഠനങ്ങൾ നടത്തുന്നതിനാണ് ഈ ദൗത്യം. പേടകത്തിൽ ഏഴ് പേലോഡ്സ് ആണ് ഉൾപ്പെട്ടിട്ടുള്ളത്.