ശക്തിയാർജ്ജിച്ച് ഇന്ത്യൻ പ്രതിരോധ മേഖല: പിനാക മൾട്ടി- ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് എത്തുക 6,000-ലധികം റോക്കറ്റുകൾ


ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ പിനാക മൾട്ടി- ബാരൽ റോക്കറ്റ് ലോഞ്ചറിലേക്ക് 6,000-ലധികം റോക്കറ്റുകൾ കൂടി എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് 2,800 കോടി രൂപയുടെ കരാറിനാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്. ഏരിയ ഡിനെയൽ മ്യൂണീഷൻ ടെപ്പ് 2, ടൈപ്പ് 3 എന്നിങ്ങനെ രണ്ട് തരത്തിലുള്ള റോക്കറ്റുകളാണ് കരാർ പ്രകാരം വാങ്ങുക. പൂർണ്ണമായും തദ്ദേശീയമായി നിർമ്മിച്ച റോക്കറ്റുകൾ മാത്രമാണ് ഈ പദ്ധതി അനുസരിച്ച് സൈന്യം വാങ്ങുന്നതെന്ന സവിശേഷതയും ഉണ്ട്.

കഴിഞ്ഞയാഴ്ച നടന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ യോഗം കരാറിന് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ഒരേസമയം ഒന്നിലധികം മിസൈലുകൾ തൊടുത്തുവിടാൻ കഴിയുന്ന റോക്കറ്റ് ലോഞ്ചറാണ് പിനാക. അർമേനിയ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുള്ള ഇന്ത്യൻ നിർമ്മിത ആയുധ സംവിധാനം കൂടിയാണ് പിനാക. 1.2 ടൺ ഭാരം വരെ പിനാകയ്ക്ക് വഹിക്കാൻ കഴിയുന്നതാണ്. 44 സെക്കന്റിനുള്ളിൽ 12 റോക്കറ്റുകൾ 75 കിലോമീറ്റർ ദൂരപരിധിയിലേക്ക് വരെ പ്രയോഗിക്കാൻ സാധിക്കുമെന്നതാണ് ഇവയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഇക്കണോമിക് എക്സ്പ്ലോസീവ് ലിമിറ്റഡ് ഓഫ് സോളാർ ഇൻഡസ്ട്രീസ്, മ്യൂണീഷൻ ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണ് പിനാകയുടെ പ്രധാന വിതരണക്കാർ.