ജയിലിൽ വെച്ചെഴുതിയ നോവലിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍ അനുവദിച്ചു
കൊച്ചി: കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദന് വീണ്ടും പരോൾ അനുവദിച്ച് ഹൈക്കോടതി. തടവിൽ കഴിയുന്ന സമയത്ത് ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’ എന്ന നോവലിന്റെ പ്രകാശനത്തിനാണ് ഇത്തവണ പരോൾ. ഈ മാസം 22, 23 തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പരോൾ. ഡിസംബര്‍ 23ന് രാവിലെ 10.30ന് കൊച്ചിയിലാണ് പുസ്തക പ്രകാശന ചടങ്ങ്. ഡോ. സുനില്‍ പി ഇളയിടമാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.
പാലക്കാട് വിളയൂര്‍ ലോഗോസ് പബ്ലിക്കേഷന്‍സ് ആണ് ജയാനന്ദൻ രചിച്ച പുസ്തകത്തിന്റെ പ്രസാധകര്‍. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്. അഭിഭാഷകയായ മകൾ കീർത്തി ജയാനന്ദൻ വഴി ഭാര്യ ഇന്ദിരയാണ് ജയാനന്ദന് പരോൾ അനുവദിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി, ജയാനന്ദന് സാധാരണ പരോളിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി.
എന്നാൽ ഭരണഘടനാ കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരമുണ്ടെന്നു വ്യക്തമാക്കിയാണ് രണ്ടു ദിവസം പകൽ സമയത്ത് പരോൾ അനുവദിച്ചത്. 9ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണെന്നും 17 വർഷത്തെ നീണ്ട ജയിൽവാസം അനുഭവിച്ചതും പരോൾ അനുവദിക്കുന്നതിന് കാരണമായി കോടതി ചൂണ്ടിക്കാട്ടി. നിയമവിധേയമായി ഈ നിയമ പോരാട്ടം ഇരുവർക്കും യഥോചിതം തുടരുന്നതിനു കോടതി നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
അഞ്ച് കൊലപാതക കേസുകളിൽ ഉൾപ്പെടെ പ്രതിയാണെങ്കിലും ഈ ചടങ്ങിൽ പങ്കെടുക്കാൻ പിതാവിന് അവസരം ഉറപ്പാക്കുന്നതിനായി മകൾ നടത്തിയ നിയമപോരാട്ടം അഭിനന്ദനീയമാണ്. അമ്മയെപ്പോലെ തന്നെ, പിതാവും ഓരോ കുഞ്ഞിന്റെയും ഉള്ളിൽ ഹീറോയാണ്’’- കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.17 വർഷമായി തടവിൽ കഴിയുന്ന ജയാനന്ദൻ നിലവിൽ വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണുള്ളത്.
ഇരട്ടക്കൊലക്കേസ് ഉൾപ്പെടെ വിവിധ കൊലക്കേസുകളിൽ പ്രതിയാണു ജയാനന്ദൻ. പുത്തൻവേലിക്കരയിൽ ദേവകി എന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജയാനന്ദൻ, സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് ശിക്ഷ ഇളവ് ലഭിച്ചു ജീവപര്യന്തം തടവ് അനുഭവിക്കുകയാണിപ്പോൾ. കൂർത്ത ആയുധങ്ങളുപയോഗിച്ചു സ്‌ത്രീകളെ കൊലപ്പെടുത്തിയശേഷം ആഭരണ മോഷണമാണ് ഇയാളുടെ രീതി. ഏഴു കേസിൽ അഞ്ചെണ്ണത്തിൽ കുറ്റവിമുക്തനായി.
മൂത്ത മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഈ വർഷം മാർച്ചിലും ജയാനന്ദന് ഹൈക്കോടതി പരോൾ അനുവദിച്ചിരുന്നു. അഭിഭാഷകയായ മകളുടെ അപക്ഷേ പരിഗണിച്ച് പൂർണ്ണ സമയവും പൊലീസ് അകമ്പടിയോടെയായിരുന്നു പരോൾ. നീണ്ട 17 വർഷത്തെ ജയിൽ വാസത്തിനിടെ ജയാനന്ദന് അനുവദിക്കപ്പെട്ട ആദ്യ പരോളായിരുന്നു അത്.