പുതുവര്‍ഷത്തില്‍ പ്രതീക്ഷ നല്‍കുന്ന വാര്‍ത്ത, കാന്‍സറിനുള്ള കീമോ മരുന്ന് ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ വികസിപ്പിച്ചു


മുംബൈ: ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രെയിനിംഗ് റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍ ഇന്‍ കാന്‍സര്‍ (എസിടിആര്‍ഇസി) എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ബാംഗ്ലൂരിലെ ഐഡിആര്‍എസ് ലാബുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യത്തെ കീമോതെറാപ്പി മരുന്നായ 6-മെര്‍കാപ്‌റ്റോപുരിന്‍ (6-എംപി) വികസിപ്പിച്ചെടുത്തു.

പരമ്പരാഗത ഗുളികകള്‍ക്ക് കൂടുതല്‍ കൃത്യവും ശിശുസൗഹൃദപരവുമായ ബദല്‍ നല്‍കിക്കൊണ്ട് കാന്‍സര്‍ ചികിത്സയില്‍, പ്രത്യേകിച്ച് അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ പോലുള്ള ഹെമറ്റോളജിക് മാരകരോഗങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ മരുന്നിലൂടെ സാധിക്കും.

ചില തരം കാന്‍സറുകളുടെ, ചികിത്സയില്‍ ഉപയോഗിക്കുന്ന ഒരു മരുന്നാണ് മെര്‍കാപ്‌റ്റോപുരിന്‍. ഇത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെയും വിഭജനത്തെയും തടസ്സപ്പെടുത്തുന്നു.

കുട്ടികളിലെ രക്താര്‍ബുദ ചികിത്സക്കായി ഉപയോഗിക്കാവുന്ന രാജ്യത്ത് ലഭ്യമായിട്ടുള്ള ആദ്യ കീമോതെറാപ്പി മരുന്നാണിത്.

മരുന്നിന് ദേശീയ ഡ്രഗ് റെഗുലേറ്ററി ബോഡിയായ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം ലഭിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന ആശുപത്രികളിലും മരുന്ന് ഉടന്‍ ലഭ്യമാകും.

കുട്ടികളുടെ ശരീരഭാരത്തിന് അനുസരിച്ചാണ് മരുന്ന് നല്‍കുക. കുട്ടികള്‍ക്ക് നല്‍കുന്നതിനാല്‍ തന്നെ അതിന് സൗകര്യ പ്രദമായ രീതിയില്‍ പൗഡര്‍ അല്ലെങ്കില്‍ സിറപ്പ് രൂപത്തിലാണ് പ്രിവള്‍ എന്നറിയപ്പെടുന്ന മരുന്ന് ലഭിക്കുകയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.