കല്യാൺ ജ്വല്ലേഴ്‌സ് ഇനി രാമജന്മ ഭൂമിയിലും, ഈ വർഷം ഷോറൂം തുറക്കും : കുതിച്ചുയർന്ന് അയോധ്യയിലെ ഭൂമിവില


ന്യൂഡൽഹി: രാമജന്മ ഭൂമിയിൽ തങ്ങളുടെയും സാന്നിധ്യമുറപ്പിക്കാനൊരുങ്ങി കല്യാൺ ജ്വല്ലേഴ്‌സ്. ഈ വർഷം ആദ്യം തന്നെ കല്യാൺ ജ്വല്ലേഴ്‌സിന്റെ 250- ആം ഷോറൂം ഉത്തർ പ്രദേശിലെ അയോധ്യയിൽ തുറക്കുമെന്ന് കല്യാൺ ജ്വല്ലേഴ്‌സ് അറിയിച്ചിട്ടുണ്ട്. ജനുവരി 22 നു നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ അതി വിപുലമായ പരിപാടികളാണ് കേന്ദ്ര സർക്കാർ ഒരുക്കിയിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് അയോധ്യയിൽ ഭൂമിയുടെ വില ആകാശം മുട്ടുകയാണ് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

ഈയൊരു അവസരത്തിൽ അയോധ്യയിൽ ജ്വല്ലറി തുറക്കാൻ സാധിക്കുന്നത് കല്യാൺ ജ്വല്ലേഴ്സിന് വലിയ നേട്ടമാകും. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും 30 ഷോറൂമുകള്‍ കൂടി തുറക്കാനാണ് കല്യാൺ ജ്വല്ലേഴ്‌സ് പദ്ധതിയിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിൽ കല്യാൺ ജ്വല്ലേഴ്സിന് ഇന്ത്യയില്‍ 15 ഉം മിഡില്‍ ഈസ്റ്റില്‍ രണ്ടും ഉൾപ്പെടെ മുപ്പതോളം ഷോറൂമുകളും തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഇന്ത്യയിലും ഗൾഫ് മേഖലയിലുമായ് നിലവിൽ 235 ഓളം ഷോറൂമുകൾ ആണ് കല്യാൺ ജ്വല്ലേഴ്സിനുള്ളത്. അതേസമയം, അയോധ്യയിലെ ഭൂമി വിലയും കുതിക്കുകയാണ്. ജനുവരി 22ന് അയോധ്യയില്‍ ശ്രീരാമക്ഷേത്രം കൂടി പ്രധാനമന്ത്രി ഭക്തര്‍ക്കായി തുറന്നു നല്‍കുമ്പോള്‍ ഭൂമി വില ഇനിയും കുതിക്കുമെന്നാണ് കരുതുന്നത്. അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുളള 2019ലെ ചരിത്ര വിധിക്ക് ശേഷം തന്നെ ഭൂമിവില ഉയരാന്‍ തുടങ്ങിയിരുന്നു.റിയല്‍ എസ്റ്റേറ്റ് മേഖലയും തഴയ്‌ക്കാന്‍ തുടങ്ങി.

അടുത്തിടെ നടത്തിയ പഠന പ്രകാരം ശ്രീരാമക്ഷേത്രത്തിന് ചുറ്റും മാത്രമല്ല അയോധ്യയുടെ പ്രാന്തപ്രദേശങ്ങളിലും ഭൂമിയുടെ വിലയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിട്ടുളളത്. ഫൈസാബാദ് റോഡില്‍ ഭൂമിവില 2019-ല്‍ ചതുരശ്ര അടിക്ക് 400-700 രൂപ എന്ന നിരക്കില്‍ നിന്ന് 2023 ഒക്ടോബര്‍ എത്തിയപ്പോള്‍ ചതുരശ്ര അടിക്ക് 1,500-3,000 ആയി ഉയര്‍ന്നു. നഗര പരിധിക്കുള്ളില്‍ ഭൂമിയുടെ ശരാശരി വില 2019-ല്‍ ചതുരശ്ര അടിക്ക് 1,000-2,000 രൂപയില്‍ നിന്ന് ഇപ്പോള്‍ ഒരു ചതുരശ്ര അടിക്ക് 4,000-6,000 രൂപയായി ഉയര്‍ന്നു.

അയോധ്യയുടെ ചരിത്രപരവും സാംസ്‌കാര്യവുമായ പാരമ്പര്യം വലിയ ബിസിനസ് അവസരമായി കാണുകയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കമ്പനികളും. വലിയ ഡെവലപ്പര്‍മാരും ഹോട്ടല്‍ ശൃംഖലകളുമാണ് ഇപ്പോള്‍ പണം മുടക്കുന്നത്. ജനുവരിയില്‍ അയോധ്യ ജില്ലയില്‍ 25 ഏക്കര്‍, പാര്‍പ്പിട വികസന പദ്ധതി ആരംഭിക്കാന്‍ അഭിനന്ദന്‍ ലോധ ഹൗസ് പദ്ധതിയിട്ടിട്ടുണ്ട്. ശ്രീരാമക്ഷേത്രത്തില്‍ നിന്ന് 15 മിനിറ്റ് മാത്രം അകലെയാണ് ഈ ഈ പദ്ധതി. താജ്, റാഡിസണ്‍ തുടങ്ങിയ വലിയ ഹോട്ടല്‍ ശൃംഖലകളും പ്രദേശത്ത് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.