രാമനഗരിയിലേക്ക് ഇനി വിമാനത്തിൽ എത്താം! നിരക്കുകൾ പ്രഖ്യാപിച്ച് എയർലൈനുകൾ


രാമനഗരിയായ അയോധ്യയിലേക്കുള്ള ടിക്കറ്റ് ടിക്കറ്റ് നിരക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് എയർലൈനുകൾ. ജനുവരി 22ന് രാമക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ട് അയോധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടിക്കറ്റ് നിരക്കുകളും ആനുപാതികമായി കൂട്ടിയിരിക്കുകയാണ് എയർലൈനുകൾ. നിലവിൽ, അന്താരാഷ്ട്ര വിമാന നിരക്കുകളേക്കാൾ കൂടുതലാണ് അയോധ്യയിലേക്കുള്ള നിരക്കുകൾ.

അയോധ്യധാമിലെ മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മുംബൈയിൽ നിന്നും ജനുവരി 19-ന് യാത്ര ചെയ്യാൻ 20,700 രൂപയാണ് ഇൻഡിഗോ ഈടാക്കുന്നത്. ജനുവരി 20-നാണെങ്കിൽ 20,000 രൂപയാണ് നിരക്ക്. അതേസമയം, 19-ന് മുംബൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പറക്കണമെങ്കിൽ 10,987 രൂപ മാത്രമാണ് എയർ ഇന്ത്യ ഈടാക്കുന്ന ചാർജ്. പല അന്താരാഷ്ട്ര റൂട്ടുകളിലെയും നിരക്കിനേക്കാൾ ഉയർന്ന ചാർജാണ് ഇപ്പോൾ അയോധ്യയിലേക്ക് ഉള്ളത്.

രാമക്ഷേത്രത്തിന്റെ നിർമ്മാണത്തോടെ അയോധ്യ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായും, വിനോദസഞ്ചാര കേന്ദ്രമായും മാറിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് മുമ്പ് തന്നെ വിനോദസഞ്ചാരികൾ നഗരത്തിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. വിമാന നിരക്കുകൾക്ക് പുറമേ, അയോധ്യയിലെ ഹോട്ടൽ റൂമുകളുടെ ചാർജുകൾ നാലിരട്ടിയിലധികമാണ് ഉയർന്നിരിക്കുന്നത്.