സിബിഎസ്ഇ: 10, 12 ക്ലാസുകളിലെ പരീക്ഷകൾ ഇന്ന് ആരംഭിക്കും, ഇക്കുറി മാറ്റുരയ്ക്കുക 39 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ
ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ ഇന്ന് മുതൽ ആരംഭിക്കും. രാവിലെ 10:30 മുതലാണ് പരീക്ഷ തുടങ്ങുക. മുഴുവൻ വിദ്യാർത്ഥികളും 10:00 മണിക്ക് മുൻപായി തന്നെ സ്കൂളുകളിൽ എത്തിച്ചേരണമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. 10 മണിക്ക് ശേഷം എത്തുന്ന വരെ ക്ലാസിൽ പ്രവേശിപ്പിക്കുന്നതല്ല. ഡൽഹിയിൽ കർഷക സമരം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. അതിനാൽ, വിദ്യാർത്ഥികൾ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തേണ്ടതാണ്.
ഇത്തവണ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നാണ് സിബിഎസ്ഇ ബോർഡ് പരീക്ഷ നടക്കുന്നത്. 39 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുക. രാവിലെ 10:30 മുതൽ 12:30 വരെയാണ് പരീക്ഷ നടക്കുക. മാർച്ച് 13-ന് പത്താം ക്ലാസ് പരീക്ഷയും, ഏപ്രിൽ 2-ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷയും അവസാനിക്കും. അതേസമയം, ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.