പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു, ആ ഗ്രാഫ് എങ്ങനെയും താഴ്ത്തണം- കർഷകനേതാവിന്റെ വീഡിയോ, വിവാദം



ന്യൂഡൽഹി: കർഷക സമരം ശക്തമാകവെ ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത് താഴേക്ക് കൊണ്ടുവരണമെന്നും പറയുന്ന ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവ് ജഗ്ജിത് സിങ് ദല്ലേവാലിന്റെ വീഡിയോയാണ് വിവാദമാകുന്നത്. കർഷക സമരം ആരംഭിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു കർഷക നേതാവിന്റെ വിവാദ പരാമർശം.

‘‘അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു. നമുക്ക് കുറച്ചു സമയം മാത്രമാണ് ബാക്കിയുള്ളത്. അദ്ദേഹത്തിന്റെ ഗ്രാഫ് എങ്ങനെയും താഴ്ത്തണം’’ എന്നാണ് വിഡിയോയിൽ ജഗ്ജിത് സിങ് പറയുന്നത്. വീഡിയോ പുറത്തുവന്നതോടെ കർഷക സമരം ആസൂത്രിതമായ രാഷ്ട്രീയ അജണ്ടയെന്ന ആരോപണവുമായി ബിജെപി നേതാക്കളും രം​ഗത്തെത്തി.

കർഷക സംഘടന നേതാവിന്റേത് രാഷ്ട്രീയ പരാമർശമാണെന്നു ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ചൂണ്ടിക്കാട്ടി. ‘ഇത്തരത്തിൽ വലിയൊരു പ്രതിഷേധം സംഘടിപ്പിച്ചാൽ ജനങ്ങൾ പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുന്നത് നിർത്തുമെന്നാണോ നിങ്ങൾ കരുതുന്നത്? ഇങ്ങനെയല്ല പ്രതിഷേധം നടത്തേണ്ടത് എന്ന സന്ദേശമാണ് ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നത്.

കർഷകർ സമരത്തിനായി ആവിഷ്കരിച്ച രീതിയോട് എതിർപ്പുണ്ട്. ട്രാക്ടറിലും ട്രോളികളിലും ഒരു വർഷത്തെ റേഷനുമായാണ് അവർ നീങ്ങുന്നത്, ഒരു സൈന്യത്തെപ്പോലെ. അവർ ഡൽഹിയിലേക്ക് പോകുന്നതിൽ ഞങ്ങൾക്ക് എതിർപ്പൊന്നുമില്ല. എന്നാൽ ട്രെയിനിലോ ബസിലോ മറ്റു വാഹനങ്ങളിലോ പോകാമായിരുന്നു. ട്രാക്ടർ ഗതാഗത ഉപാധിയല്ല, അതൊരു കാർഷിക സാമഗ്രിയാണ്.’– ഖട്ടർ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി മോദിക്ക് വധഭീഷണിയും ഇവർ മുഴക്കിയിരുന്നു.പഞ്ചാബിൽ വെച്ച് ഒരു തവണ മോദിയെ അപായപ്പെടുത്താൻ അവസരം കിട്ടിയിട്ടും വെറുതെ വിട്ടെന്നും, ഇനിയും പഞ്ചാബിൽ കാലുകുത്തിയാൽ തിരികെ പോകില്ലെന്നും ഒരു സമരക്കാരൻ പറഞ്ഞത് വലിയ വിവാദമായിരുന്നു.