സീരിയല്‍ താരം പവിത്ര ജയറാമിന്റെ അപകടമരണത്തിന് പിന്നാലെ സഹതാരം ജീവനൊടുക്കി:ഇരുവരും വിവാഹിതരായിരുന്നുവെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: തെലുങ്ക് ടെലിവിഷന്‍ സീരിയല്‍ താരം പവിത്ര ജയറാമിന്റെ അകാല വേര്പാടിന് പിന്നാലെ സഹതാരത്തെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. പവിത്രജയറാമിന്റെ സുഹൃത്തും സഹതാരവുമായ ചന്ദ്രകാന്തിനെയാണ് തെലങ്കാനയിലെ അല്‍കാപൂരിലെ വസതിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ത്രിനയനി എന്ന തെലുങ്ക് ടിവി സീരിയലിലെ കഥാപാത്രത്തിലൂടെ പ്രശസ്തരായ ഇരുവരും അടുത്ത ബന്ധം പുലര്‍ത്തിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇരുവരും വിവാഹിതരായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പവിത്ര ജയറാമിന്റെ അകാലവേര്‍പാട് താരത്തെ വല്ലാതെ ബാധിച്ചുവെന്നും കഴിഞ്ഞ രണ്ട് ദിവസമായി താരം കടുത്ത വിഷാദത്തിലായിരുന്നു എന്നുമാണ് ചന്ദ്രകാന്തിന്റെ പിതാവിന്റെ മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ മെയ് 12 നാണ് പവിത്രാ ജയറാം വാഹനാപകടത്തില്‍ മരിക്കുന്നത് . ആന്ധ്രാപ്രദേശിലെ മെഹബൂബ നഗറിന് സമീപമായിരുന്നു അപകടം. നടി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ വന്ന ബസ് കാറുമായി കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ പവിത്ര സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന ചന്ദ്രകാന്തിനും പരിക്കേറ്റിരുന്നു. ഈ സംഭവം താരത്തെ ഏറെ ബാധിച്ചുവെന്നാണ് കരുതുന്നത്.