എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി: കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് വിഭവ് കുമാര്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ ഔദ്യോഗിക വസതിയില്‍ നിന്നാണ് അറസ്റ്റ്. മുഖ്യമന്ത്രി വസിതിയിലുള്ളപ്പോഴാണ് അറസ്റ്റ് നടന്നത്.

സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ വിഭവിനെ എത്തിച്ചിരിക്കുന്നത്. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. വിഭവ് തന്റെ കരണത്തടിച്ചെന്നും അടിവയറ്റില്‍ ചവിട്ടിയെന്നും ഉള്‍പ്പെടെയാണ് സ്വാതി മാലിവാള്‍ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ സ്വാതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ കാര്യമായ പരുക്കുകള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

സ്വാതി മാലിവാളിന് മര്‍ദനമേറ്റ സംഭവത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയുടെ പുറത്തുനിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കെജ്രിവാളിന്റെ വസതിയുടെ ദൃശ്യങ്ങളുടെ ഡിവിആര്‍ ഡല്‍ഹി പൊലീസ് സീല്‍ ചെയ്തിരുന്നു. ഇത് പൊലീസ് പരിശോധിച്ചുവരികയാണ്.