അയോദ്ധ്യ രാമക്ഷേത്രത്തില്‍ വിഐപികളുടെയും വിവിഐപികളുടെയും മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക്


ലക്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി. വെള്ളിയാഴ്ച ചേര്‍ന്ന രാം മന്ദിര്‍ ട്രസ്റ്റിന്റെയും അഡ്മിനിസ്ട്രേഷന്റെയും യോഗത്തിലാണ് തീരുമാനം.സാധാരണ ഭക്തര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിന് നേരത്തെ തന്നെ വിലക്കുണ്ടായിരുന്നു. ഇപ്പോള്‍ വിഐപികള്‍ക്കും വിവിഐപികള്‍ക്കും മൊബൈല്‍ ഫോണ്‍ നിരോധിച്ചിരിക്കുകയാണ്.

ക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണുകള്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ട്രസ്റ്റ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിരിക്കുന്നത്. പ്രാണ പ്രതിഷ്ഠ മുതല്‍ രാമക്ഷേത്രത്തില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഭക്തര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നുണ്ടായിരുന്നു.
തുടര്‍ന്ന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും സാധാരണ ഭക്തര്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നത് വിലക്കുകയും ചെയ്തു.

അതിനിടെ, ട്രസ്റ്റ് ദര്‍ശനത്തിനുള്ള പ്രത്യേക ക്രമീകരണങ്ങള്‍ ആരംഭിച്ചു. ഇത് പ്രകാരം പ്രത്യേക പാസുള്ളവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കും. കൂടാതെ, വിഐപികള്‍ക്കും വിവിഐപികള്‍ക്കും മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകുന്നതില്‍ ഇളവ് ഉണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതും പൂര്‍ണ്ണമായും നിരോധിച്ചു . ക്ഷേത്ര പരിസരത്ത് മൊബൈല്‍ ഫോണുകള്‍ കൊണ്ടു പോകുന്നത് സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതായി രാമക്ഷേത്ര ട്രസ്റ്റി ഡോ. അനില്‍ മിശ്ര പറയുന്നു. ദര്‍ശന ക്യൂവില്‍ തന്നെ ആളുകള്‍ ഫോട്ടോയും സെല്‍ഫിയും എടുക്കാന്‍ തുടങ്ങി. ഇത് ശരിയല്ലെന്ന് തോന്നി. മുമ്പത്തെപ്പോലെ, എളുപ്പവും നിര്‍ദ്ദിഷ്ടവുമായ ദര്‍ശന സംവിധാനം നിലനില്‍ക്കും, എന്നാല്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഉണ്ടാകും.- അനില്‍ മിശ്ര പറയുന്നു.