കീര്‍ത്തി വ്യാസ് കൊല: കമിതാക്കള്‍ക്ക് ജീവപര്യന്തം, ആറു വര്‍ഷമായിട്ടും കീര്‍ത്തിയുടെ മൃതദേഹം കാണാമറയത്ത്
മുംബൈ: സലൂണ്‍ ശൃംഖലയുടെ ഫിനാന്‍സ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ അതേ ഓഫീസിലെ തന്നെ ജീവനക്കാരും കമിതാക്കളുമായ രണ്ടുപേര്‍ക്ക് ജീവപര്യന്തം ശിക്ഷ. 2018 ല്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കീര്‍ത്തി വ്യാസിന്റെ കേസിലാണ് ശിക്ഷ വിധിച്ചത്. മുംബൈ കോടതി ജഡ്ജി എം.ജി ദേശ്പാണ്ഡെയാണ് ശിക്ഷിച്ചത്. കൊല നടന്ന് ആറു വര്‍ഷമായിട്ടും ഇവരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. സിദ്ധേഷ് തംഹങ്കറിനും ഖുഷി സഹ്ജ്വാനിയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു. നടന്‍ ഫര്‍ഹാന്‍ അക്തറിന്റെ മുന്‍ ഭാര്യയുടേതായിരുന്നു സലൂണ്‍.
മുംബൈയിലെ ഗ്രാന്‍ഡ് റോഡില്‍ താമസിച്ചിരുന്ന കീര്‍ത്തിയെ 2018 മാര്‍ച്ചിലാണ് കാണാതായത്. രണ്ടു മൊബൈലുകളിലും ഓഫീസ് ഫോണിലും ലഭിക്കാതായതോടെ കീര്‍ത്തിയുടെ സഹോദരി ഷെഫാലി ആണ് പൊലീസിനെ സമീപിച്ചത്. ഒരു മാസത്തിന് ശേഷം പൊലീസ് പ്രതികളെ പിടികൂടി.
സിദ്ധേഷും ഖുഷിയും സലൂണ്‍ ശൃംഖലയിലെ ജീവനക്കാരനായിരുന്നു. കീര്‍ത്തി വ്യാസ് അന്ധേരി വെസ്റ്റ് ബ്രാഞ്ചിലെ ഫിനാന്‍സ് മാനേജരായിരുന്നു. അക്കൗണ്ട് എക്‌സിക്യൂട്ടീവായ സിദ്ധേഷ് കീര്‍ത്തിയുടെ ജൂനിയറായിരുന്നു. ഖുഷി അക്കാഡമി മാനേജരും. ഇരുവരും അടുപ്പത്തിലുമായിരുന്നു. സിദ്ധേഷിന്റെ ജോലിയിലെ പ്രകടനം മോശമായതിനാല്‍ കീര്‍ത്തി പിരിച്ചു വിടലിന് നോട്ടീസ് നല്‍കിയിരിക്കുകയായിരുന്നു.
മാര്‍ച്ച് 16-നായിരുന്നു സിദ്ധേഷിന്റെ അവസാന ദിവസം. കീര്‍ത്തിയുടെ തീരുമാനത്തില്‍ മാറ്റമില്ലാതിരുന്നതോടെ കമിതാക്കള്‍ ഇവരെ കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കീര്‍ത്തി താമസ സ്ഥലത്തുനിന്ന് ഖുഷിയുടെ കാറില്‍ കയറി പോകുന്ന കാര്യം വ്യക്തമായിരുന്നു.
ഇതില്‍ സിദ്ധേഷുമുണ്ടായിരുന്നു ചര്‍ച്ച പരാജയപ്പെട്ടതോടെ മുന്‍സീറ്റിലിരുന്ന കീര്‍ത്തിയ പിന്‍ സീറ്റിലുണ്ടായിരുന്ന സിദ്ധേഷ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇരുവരും ജോലിക്ക് കയറി. ശേഷം മടങ്ങിയെത്തി മൃതദേഹം മഹുല്‍ തുറമുഖത്തിന് സമീപമുള്ള കടലില്‍ തള്ളുകയായിരുന്നു.
ക്രൈം ബ്രാഞ്ച് കാറില്‍ നിന്ന് രക്തക്കറ കണ്ടെത്തി. ഡിഎന്‍എ ടെസ്റ്റില്‍ രക്തം കീര്‍ത്തിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ മൃതദേഹം കണ്ടെത്താനായില്ല. സിദ്ധേഷ് വിചാരണയുടെ ഭാഗമായി ജയിലായിരുന്നെങ്കിലും ഖുഷിക്ക് 2021 ല്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.