ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യം നീട്ടില്ല. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജൂൺ 2 ന് കീഴടങ്ങണം. സ്ഥിരം ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാൻ സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു.ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അരവിന്ദ് കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്. ഏഴാം ഘട്ട പോളിംഗ് അവസാനിക്കുന്ന ജൂൺ 1 വരെയായിരുന്നു ഇടക്കാല ജാമ്യം.
ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പ് വരെ ജാമ്യം മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി കെജ്രിവാളിന് ജാമ്യം നൽകിയത്.