മൂന്നാമതും മോദി സർക്കാരെന്ന ഉറപ്പിൽ ബിജെപി: സത്യപ്രതിജ്ഞ ജൂൺ 9ന് കർത്തവ്യപഥിൽ, ലൈവ് സംപ്രേഷണത്തിന് 100 ക്യാമറകൾ
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ മൂന്നാം തവണയും വിജയിക്കുമെന്ന് ഉറപ്പിക്കുന്ന ബിജെപി സത്യപ്രതിജ്ഞ ചടങ്ങുകളിലേക്കുള്ള ആലോചനയിലേക്ക് കടക്കുന്നു. മൂന്നാം മോദി സർക്കാർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നേരത്തെ തന്നെ പദ്ധതികൾ തയ്യാറായിരുന്നു. ഇപ്പോൾ മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് സംബന്ധിച്ച ഒരുക്കങ്ങളെല്ലാം അണിയറയിൽ തയ്യാറാണ് എന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. .
എൻഡിഎ അധികാരത്തിൽ എത്തിയാൽ, ജൂൺ 9ന് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ എൻഡിഎയിൽ ആലോചനയെന്ന് വാർത്തകൾ പുറത്തുവരുന്നത്. കർത്തവ്യപഥിലായിരിക്കും സത്യപ്രതിജ്ഞയെന്നും സൂചനകളുണ്ട്. രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയാണ് കർത്തവ്യപഥ്. 2022ലാണ് രാജ്പഥിന്റെ പേര് മാറ്റി കർത്തവ്യപഥ് എന്നാക്കിയത്. സത്യപ്രതിജ്ഞ ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യാൻ 100 ക്യാമറകൾ ഉപയോഗിക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു. എല്ലാ തയ്യാറെടുപ്പുകളും സ്റ്റാൻഡേർഡ് പ്രോട്ടോക്കോൾ പ്രകാരമായിരിക്കുമെന്ന് പ്രസാർ ഭാരതി സിഇഒ ഗൗവ് ദ്വിവേദി പറഞ്ഞു.
ജൂൺ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമേ സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകൂ. എന്നാൽ, നരേന്ദ്ര മോദി തുടർച്ചയായി മൂന്നാംതവണയും പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തും എന്നാണ് കേന്ദ്ര സർക്കാരിന്റെ ഉന്നത തലങ്ങളിലും ബിജെപിയുടെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ മൂന്നാം സത്യപ്രതിജ്ഞ ചരിത്രസംഭവമാക്കിമാറ്റാൻ സർക്കാർ തലത്തിലും പാർട്ടി തലത്തിലും നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് രാഷ്ട്രപതി ഭവനിലായിരുന്നു. 2014-ൽ മെയ് 26, തിങ്കളാഴ്ചയും 2019-ൽ മെയ് 30 വ്യാഴാഴ്ചയും ആയിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. എന്നാൽ, രാഷ്ട്രപതി ഭവനിൽ സ്ഥലപരിമിതിയുണ്ട്. കഴിഞ്ഞതവണ സത്യപ്രതിജ്ഞാ ചടങ്ങിൽ 8000 അതിഥികൾക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിച്ചത്. ഇത്തവണ അതിൽ കൂടുതൽപേരെ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ബിജെപി തീരുമാനം. ഈ സാഹചര്യത്തിൽക്കൂടിയാണ് ചടങ്ങ് രാഷ്ട്രപതിഭവന് പുറത്തുനടത്താൻ ബിജെപി ആലോചിക്കുന്നത്.
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കർത്തവ്യപഥ് നവീകരിച്ചിരുന്നു. ആദ്യ രണ്ട് മോദി സർക്കാരുകളുടെ നേട്ടങ്ങൾ കാണിക്കുന്നതിനും വികസിതഭാരതം എന്ന സന്ദേശം നൽകുന്നതിനും ഉചിതമായ സ്ഥലം എന്നരീതിയിലാണ് കർത്തവ്യപഥ് സത്യപ്രതിജ്ഞാ ചടങ്ങിനായി പരിഗണിക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് സംബന്ധിച്ച കരട് രൂപരേഖ തയ്യാറായിക്കഴിഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് മെയ് 24 കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ ചർച്ച നടന്നിരുന്നു. ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ ഈ യോഗത്തിൽ പങ്കെടുത്തു. എന്നാൽ, ഈ യോഗത്തിൽ സത്യപ്രതിജ്ഞാ വേദിയോ തീയതിയോ സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും നൽകിയിരുന്നില്ല. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽപേർ ഇത്തവണ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് മാത്രമാണ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തിരെഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും അതിന് തയ്യാറെടുക്കാനുമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജൂൺ 12-ന് ഇറ്റലിയിലേക്ക് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂൺ 13, 14 തീയതികളിലാണ് ഉച്ചകോടി. ഇറ്റലി സന്ദർശനംകൂടി കണക്കിലെടുത്താണ് സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ ഒമ്പതിന് നടത്താൻ ആലോചിക്കുന്നത്. മന്ത്രിസഭാ വികസനം പ്രധാനമന്ത്രി ഇറ്റലിയിൽനിന്ന് മടങ്ങിയെത്തിയതിന് ശേഷമേ ഉണ്ടാകൂ എന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
പൊതുതിരഞ്ഞെടുപ്പിന്റെ ആറ് ഘട്ടങ്ങൾ നിലവിൽ പൂർത്തിയായി. 57 സീറ്റുകൾ അടങ്ങുന്ന ഏഴാം ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. എൻഡിഎ മൂന്നാം തവണയും അധികാരത്തിലേറുമെന്നാണ് ആഭ്യന്തര സർേവകളിലൂടെ ബിജെപിക്ക് ലഭിച്ചിരിക്കുന്ന വിവരം. രാജസ്ഥാൻ, ഹരിയാന, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മൊത്തം 17 സീറ്റുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിൽ നേട്ടമുണ്ടാക്കാനാകുമെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞർ പറയുന്നു.