മുംബൈ: നടന്‍ സല്‍മാന്‍ ഖാനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗങ്ങളായ ധനഞ്ജയ് താപ്സിംഗ്, ഗൗരവ് ഭാട്ടിയ, വസ്പി ഖാന്‍, റിസ്വാന്‍ ഖാന്‍ എന്നിവരാണ് പിടിയിലായത്. നവി മുംബൈ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ലോറന്‍സ് ബിഷ്ണോയി അടക്കം 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Also: കന്യാകുമാരിയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി മോദി
പന്‍വേലിലുള്ള താരത്തിന്റെ ഫാം ഹൗസിലേക്ക് പോകുന്ന വഴി കാര്‍ തടഞ്ഞുനിര്‍ത്തി എകെ 47 തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കാനായിരുന്നു ഇവര്‍ പദ്ധതിയിട്ടത്. ബിഷ്ണോയി സംഘത്തിലെ ഷൂട്ടര്‍മാരായ പ്രതികള്‍ ഫാം ഹൗസിന് സമീപത്തും സല്‍മാന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ പരിസരത്തും നിരവധി തവണ നിരീക്ഷണം നടത്തിയിരുന്നു.
പല രീതിയില്‍ താരത്തെ ആക്രമിക്കാന്‍ ലോറന്‍സ് ബിഷ്ണോയി സംഘം പദ്ധതിയിട്ടെന്നാണ് വിവരം. നിലവില്‍ ജയിലില്‍ കഴിയുന്ന ബിഷ്ണോയിയും കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാളുടെ ബന്ധു അന്‍മോല്‍ ബിഷ്ണോയിയും ചേര്‍ന്ന് പാക്കിസ്ഥാനി ആയുധ ഇടപാടുകാരനില്‍നിന്ന് തോക്കുകള്‍ വാങ്ങിയെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.