ചെന്നൈ: നടനും മുൻ എം.എൽ.എയുമായ കരുണാസിന്റെ ബാഗിൽ നിന്നും വെടിയുണ്ടകൾ പിടികൂടി. ചെന്നൈ വിമാനത്താവളത്തിൽ വച്ച് അദ്ദേഹത്തിന്റെ സ്യൂട്ട്‌കേസിൽ നടത്തിയ പരിശോധനയിലാണ് 40 വെടിയുണ്ടകൾ കണ്ടെത്തിയത്. ഇതോടെ കരുണാസിന്റെ യാത്ര അധികൃതർ റദ്ദാക്കി.
ഞായറാഴ്ച രാവിലെ തിരുച്ചിയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. വിമാനത്താവളത്തിൽ കരുണാസിന്റെ സ്യൂട്ട്‌കേസ് സ്‌കാൻ ചെയ്തപ്പോൾ അലാറമടിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽനിന്ന് വെടിയുണ്ടകൾ കണ്ടെടുത്തത്. തിടുക്കത്തിൽ വന്നതിനാൽ സ്യൂട്ട്‌കേസിൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് കരുണാസ് അധികൃതർക്ക് നൽകിയ വിശദീകരണം.
തനിക്ക് സ്വയം രക്ഷക്കായി തോക്ക് ലൈസൻസ് ഉണ്ടെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ തോക്ക് പൊലീസ് സ്റ്റേഷനിൽ നൽകിയതാണെന്നും കരുണാസ് പറഞ്ഞു. തനിക്ക് ലോക്ക് ലൈസൻസ് ഉണ്ടെന്നതിന്റെ രേഖകൾ കരുണാസ് സമർപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ യാത്ര സുരക്ഷാ ഉദ്യോഗസ്ഥർ റദ്ദാക്കി. വിശദമായ ചോദ്യംചെയ്യലിന് ശേഷം അദ്ദേഹത്തെ വിമാനത്താവള അധികൃതർ വിട്ടയച്ചു.