രാജ്യത്തെ റോഡില്‍ നിന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റോഡില്‍ നിന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 2034 ഓടെ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുന്നതിനായി ഇന്ത്യ പ്രവര്‍ത്തിക്കുകയാണെന്ന് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ ഗഡ്കരി പറഞ്ഞതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡീസല്‍ പെട്രോള്‍ എഞ്ചിനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പരമ്പരാഗത വാഹനങ്ങള്‍ക്ക് എതിരെ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ആവശ്യകത അടിവരയിട്ട് നിരത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു.
’10 വര്‍ഷത്തിനുള്ളില്‍ ഈ രാജ്യത്ത് നിന്ന് ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാലത്ത്, ഇലക്ട്രിക് സ്‌കൂട്ടറും കാറും ബസും വന്നു. നിങ്ങള്‍ 100 രൂപ ഡീസലിന് ചെലവഴിക്കുമ്പോള്‍, ഈ വാഹനങ്ങള്‍ വെറും നാലു രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്നു,’ അദ്ദേഹം പറഞ്ഞു.