പാറ്റ്‌ന: ലോക്സഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിയെ സഖ്യത്തിന്റെ ശാംഭവി ചൗധരി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ അശോക് കുമാർ ചൗധരിയുടെ മകൾ കൂടിയാണ് ശാംഭവി ചൗധരി.
ജെഡിയു മന്ത്രി മഹേശ്വര് ഹസാരിയുടെ മകൻ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തിൽ ശാംഭവി ചൗധരിയുടെ എതിരാളി. ജെഡിയു മന്ത്രിയായ മഹേശ്വറിന്റെ പിന്തുണയില്ലാതെ കോൺഗ്രസിന് വേണ്ടിയായിരുന്നു സണ്ണി ഹസാരി രംഗത്തിറങ്ങിയത്. വടക്കൻ ബീഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ശാംഭവി ചൗധരി ജയിച്ചു കയറിയത്.
നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങൾ പ്രകാരം 25 വയസ്സ് ആണ് ശാംഭവി ചൗധരിയുടെ പ്രായം. ബിഹാറിലെ ആകെയുള്ള 40 സീറ്റുകളിൽ 30 സീറ്റും ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും കൂടിയുള്ള എൻഡിഎ സഖ്യമാണ് നേടിയത്. ഒമ്പത് സീറ്റുകളാണ് കോൺഗ്രസ് അടക്കമുള്ള ഇൻഡ്യ മുന്നണി ആകെ നേടിയത്.