24 വര്‍ഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാന്‍ കൂട്ടുനിന്ന് 60കാരി,വീട്ടുകാരനെ കൊലപ്പെടുത്തി സംഘാംഗങ്ങള്‍
ന്യൂഡല്‍ഹി: 24 വര്‍ഷത്തോളം ജോലിക്ക് നിന്ന വീട് കൊള്ളയടിക്കാനുള്ള പദ്ധതിയിട്ട് അറുപതുകാരി. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ എട്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത് 63കാരനായ ഡോക്ടര്‍. ഡല്‍ഹിയിലെ ജാംഗ്പുരയിലാണ് സംഭവം. കഴിഞ്ഞ മാസമാണ് 63കാരനായ യോഗേഷ് പോള്‍ എന്ന ഡോക്ടര്‍ മോഷണ ശ്രമത്തിനിടെ അതിക്രൂരമായി കൊല്ലപ്പെട്ടത്. ഡോക്ടറുടെ തൊപ്പി വായില്‍ കുത്തിക്കയറ്റിയതിന് പിന്നാലെ ഡോക്ടറുടെ കഴുത്തിലുണ്ടായിരുന്ന മഫ്‌ളര്‍ ഉപയോഗിച്ചാണ് അക്രമികള്‍ 63കാരനെ ശ്വാസം മുട്ടിച്ച് കൊന്നത്.
നിലത്ത് വീണ 63കാരന്റെ നെഞ്ചില്‍ ലോഹവളയം കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ശ്വാസംമുട്ടിച്ച് കൊല്ലുകയും ചെയ്തതിന് പിന്നാലെ വീട് കൊള്ളയടിച്ച സംഘത്തെ പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഡോക്ടറുടെ വീട്ടില്‍ 24 വര്‍ഷമായി ജോലി ചെയ്തിരുന്ന ബസന്തിയെന്ന അറുപതുകാരിയുടെ സഹായത്തോടെയാണ് കൊലപാതകവും കൊള്ളയും നടന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 60 കാരിയുടെ രണ്ട് സഹായികളും അവരുടെ അഞ്ച് സുഹൃത്തുക്കളുടേയും സഹായത്തോടെയാണ് കൊള്ള നടത്തിയത്. 60 കാരിയും ഇവരെ സഹായിച്ച സഹോദരങ്ങളായ രണ്ട് പേരെയുമാണ് പൊലീസ് പിടികൂടിയത്. അഞ്ച് പേര്‍ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായാണ് സംശയിക്കുന്നത്. മെയ് 11നുണ്ടായ മോഷണ ശ്രമത്തില്‍ 63കാരനായ ഡോക്ടര്‍ കൊല്ലപ്പെട്ടിരുന്നു.
ശ്വാസം മുട്ടിച്ചാണ് 63കാരനെ കൊലപ്പെടുത്തിയിരുന്നതെന്ന് പോസ്റ്റോമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. എട്ടംഗ സംഘത്തിലെ മൂന്ന് പേരാണ് 63കാരനെ ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ദീര്‍ഘകാലമായി ജോലി ചെയ്തിരുന്ന വീട്ടില്‍ തന്നെ മോഷ്ടിക്കാനും വീട്ടുടമകളെ കൊലപ്പെടുത്താനും 60 വയസുള്ള സ്ത്രീയെ പ്രേരിപ്പിച്ച കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. ബസന്തിയുടെ സുഹൃത്തിന്റെ പരിചയക്കാരാണ് വീട് കൊളളയടിക്കാനായി എത്തിയത്.